
വാഷിംഗ്ടണ്‍: ഗാസയില്‍ വംശഹത്യ നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്ക. അതേസമയം, പലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജെയ്ക് സള്ളിവന്‍ പറഞ്ഞു. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുടങ്ങുകയും ചെയ്യുമ്പോള്‍, സമാധാനത്തിന്റെ ഉത്തരവാദിത്തം ഹമാസിനാണെന്നും ജെയ്ക് സള്ളിവന്‍ തറപ്പിച്ചു പറഞ്ഞു.
‘നിരപരാധികളായ സാധാരണക്കാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഇസ്രായേലിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,’- സള്ളിവന്‍ പറഞ്ഞു. ഹമാസിനെ പരാജയപ്പെടുത്തുന്നത് കാണാന്‍ ബൈഡന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ പലസ്തീന്‍ പൗരന്മാര്‍ ‘നരകത്തില്‍’ ആണെന്ന് മനസ്സിലാക്കിയെന്നും സള്ളിവന്‍ പറഞ്ഞു.















