എങ്ങനെയും ഉയർന്ന ഷിപ്പിംഗ് ചെലവ് നിയന്ത്രിക്കാൻ അമേരിക്ക; ഇറാനിയൻ കപ്പലുകൾക്കമേലുള്ള ഉപരോധം ലഘുവാക്കാൻ ആലോചന

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുത്തനെ ഉയർന്ന ഷിപ്പിംഗ് ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇറാനിൽ നിന്നുള്ള ‘ഷാഡോ ഫ്ലീറ്റ്’ എണ്ണക്കപ്പലുകൾക്കമേലുള്ള ഉപരോധം ലഘുവാക്കാൻ യുഎസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക അനുമതിയോടെ, ഉപരോധിക്കപ്പെട്ട കപ്പലുകളിൽ ഉപരോധത്തിൽപ്പെടാത്ത എണ്ണ കൊണ്ടുപോകാൻ കമ്പനികളെ അനുവദിക്കുന്നതാണ് പുതിയ നിർദ്ദേശം. എന്നാൽ കപ്പലുകൾ പഴയതാണെന്നതും, യൂറോപ്യൻ യൂണിയന്‍റെയും യുകെയുടെയും കർശനമായ ഇൻഷുറൻസ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും ഈ നീക്കം ചരക്ക് നിരക്കുകളിൽ കാര്യമായ കുറവുണ്ടാക്കില്ലെന്ന് ഊർജ വിപണി വിശകലന സ്ഥാപനമായ ‘എനർജി ആസ്പെക്ട്സ്’ വിലയിരുത്തുന്നു.

റഷ്യൻ ഡീസലിന്മേലുള്ള ഉപരോധം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയും യൂറോപ്യൻ രാജ്യങ്ങളും യുഎസ് സെനറ്റിലെ ചില റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിന്റെ ആ തീരുമാനത്തെ വിമർശിച്ചിരുന്നു. എന്നാൽ റഷ്യൻ എണ്ണ കയറ്റുമതിയെ ഈ നടപടി സഹായിക്കില്ലെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide