
വാഷിംഗ്ടൺ: രാഷ്ട്രീയമോ മതപരമോ ആയ കാഴ്ചപ്പാടുകളുടെയും ബിസിനസ് പ്രവർത്തനങ്ങളുടെയും പേരിൽ മുൻനിര അമേരിക്കൻ ബാങ്കുകൾ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായി ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ ഓഫീസർ ഓഫ് ദി കോംപ്ട്രോളർ ഓഫ് ദി കറൻസിയുടെ പുതിയ റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻകൈയിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
യാഥാസ്ഥിതിക നിലപാടുകളുള്ളവരെ ബാങ്കുകൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാറ്റിനിർത്തുന്നുണ്ടെന്ന പ്രസിഡന്റ് ട്രംപിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ട്. കൂടാതെ, ക്രിപ്റ്റോകറൻസി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല നിക്ഷേപകരുടെയും അക്കൗണ്ടുകൾ ബാങ്കുകൾ അകാരണമായി റദ്ദാക്കുന്നതായും പരാതി ഉയർന്നിരുന്നു. കൺസർവേറ്റീവ് ആശയക്കാരായ ഉപഭോക്താക്കളെ ബാങ്കുകൾ ലക്ഷ്യമിടുന്നതായി കണ്ടെത്തിയെങ്കിലും, ഡെമോക്രാറ്റിക് അനുകൂല സംഘടനകളുമായി സഹകരിക്കാൻ ചില ബാങ്കുകൾ വിസമ്മതിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെയും നിയമപരമായ മറ്റ് കാരണങ്ങളുടെയും ഭാഗമായും അക്കൗണ്ടുകൾ മരവിപ്പിക്കാറുണ്ട്.
2020 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിലെ ഒരു ലക്ഷത്തോളം പരാതികളും നൂറുകണക്കിന് ബാങ്ക് തീരുമാനങ്ങളുമാണ് ഒസിസി പരിശോധിച്ചത്. ഉപഭോക്താക്കളുടെ രാഷ്ട്രീയ, മതപരമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുന്ന നയങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ഒൻപത് ദേശീയ ബാങ്കുകൾക്കുമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിശ്വാസങ്ങളുടെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരിൽ ഏതൊരു പൗരനും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള അവകാശമുണ്ടെന്നും, ന്യായമായ രീതിയിലുള്ള സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോംപ്ട്രോളർ ഓഫ് ദി കറൻസി ജോനാഥൻ വി. ഗൗൾ വ്യക്തമാക്കി. ട്രംപ് അനുകൂല ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യാപാരികളുടെ അക്കൗണ്ടുകൾ ജെയ്പി മോർഗൻ ചേസിന്റെ ഉടമസ്ഥതയിലുള്ള പേയ്മെന്റ് പ്രൊസസ്സർ ആയ ‘വീപേ’ മുൻപ് റദ്ദാക്കിയ സംഭവവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.













