ഇറാനെതിരായ ആക്രമണത്തിന് ‘ബോംബുകളുടെ മാതാവ്’ ഉപയോഗിക്കുന്നത് യുഎസ് സൈന്യത്തിൻ്റെ പരിഗണനയിലെന്ന് റിപ്പോർട്ട്

ഇറാനെതിരായ ഭാവി ആക്രമണങ്ങളിൽ രാജ്യത്തിന്റെ ഏറ്റവും വലിയ ആണവേതര ബോംബായ ‘മദർ ഓഫ് ഓൾ ബോംബ്സ്’ (MOAB) ഉപയോഗിക്കുന്നതടക്കമുള്ള പദ്ധതികൾ യുഎസ് സൈന്യം തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളും ആണവകേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണസാധ്യതകളാണ് പരിഗണിക്കുന്നത്. ഒക്ടോബർ 15ന് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിനിടെയാണ് പുതിയ നീക്കം. ട്രംപ് വീണ്ടും സൈനിക നടപടി ആരംഭിക്കാൻ ഉത്തരവിട്ടാൽ 21,600 പൗണ്ട് ഭാരമുള്ള GBU-43/B MOAB ഉപയോഗിച്ചേക്കുമെന്ന് സൈനിക ആസൂത്രണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. നിലവിലെ സംഘർഷത്തിൽ ഈ ബോംബ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. പ്രയോഗിച്ചാൽ യുഎസ് സൈനിക നടപടിയിൽ വലിയ വർധനവായിരിക്കും അത്.

അമേരിക്കൻ വോട്ടർമാർക്കിടയിൽ യുദ്ധത്തോടുള്ള എതിർപ്പ് ശക്തമാകുന്നതിനിടെയാണ് ട്രംപിന് മേൽ സമ്മർദം വർധിക്കുന്നത്. മാസങ്ങളായി തുടരുന്ന യുഎസ് ആക്രമണങ്ങൾക്കിടയിലും വാഷിങ്ടണും ടെഹ്‌റാനും തമ്മിൽ സമാധാന കരാറിലേക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് സൈന്യത്തെ പിൻവലിക്കാൻ സഹായിക്കുന്ന മാർഗങ്ങളാണ് യുഎസ് ഭരണകൂടം തേടുന്നത്. ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണ പദ്ധതികൾ തയ്യാറാക്കാൻ ട്രംപ് സൈന്യത്തോട് നിർദേശിച്ചതായാണ് റിപ്പോർട്ട്.

യുഎസ് സൈന്യത്തെ മേഖലയിൽനിന്ന് പിൻവലിക്കുന്നതിന് മുമ്പ് ആക്രമണം നടത്താനാണ് പദ്ധതികളിലൊന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതികളിലും MOAB ഉപയോഗിക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാനൈറ്റ് പാളികൾക്കടിയിൽ സ്ഥിതിചെയ്യുന്നുവെന്ന് കരുതുന്ന പിക്കാക്സ് മൗണ്ടൻ കേന്ദ്രവും ഇതിൽപ്പെടുന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് യുഎസിന്റെയും ഇസ്രയേലിന്റെയും വിലയിരുത്തൽ.

എന്നാൽ, ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ആണവകേന്ദ്രങ്ങൾ തകർക്കാൻ MOAB ഫലപ്രദമാകുമോയെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. വിശാലമായ പ്രദേശത്ത് വൻ സ്ഫോടനം സൃഷ്ടിക്കാൻ കഴിയുമെങ്കിലും ആഴത്തിൽ തുളച്ചുകയറാൻ രൂപകൽപ്പന ചെയ്ത ബോംബല്ല ഇത്.

അമേരിക്കൻ ആയുധശേഖരത്തിലെ ഏറ്റവും ശക്തമായ ആണവേതര ബോംബായ MOAB ആദ്യമായി പ്രയോഗിച്ചത് 2017 ഏപ്രിലിലാണ്. അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തുരങ്കസമുച്ചയത്തിന് നേരെയായിരുന്നു ആക്രമണം. തുരങ്കങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും തകർത്തതായി യുഎസ്, അഫ്ഗാൻ അധികൃതർ അറിയിച്ചു. 36 പോരാളികൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കൊപ്പം, യുഎസ് ലക്ഷ്യങ്ങൾ ഉപേക്ഷിച്ചെന്ന പ്രതീതി ഉണ്ടാകാതിരിക്കാനും വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ധാരണയിലെത്താനുള്ള നയതന്ത്ര സാധ്യതകളും പരിഗണനയിലുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ആക്രമണങ്ങൾ നടത്തില്ലെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും തീരുമാനം അന്തിമമാണോയെന്ന് ഉപദേശകർക്ക് ഉറപ്പില്ല. വ്യക്തമായ നേട്ടമില്ലാതെ സൈന്യത്തെ പിൻവലിക്കുന്നത് പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന നിലപാടിലാണ് ട്രംപ്.

അതേസമയം, കൂടുതൽ സൈനിക നടപടികൾക്ക് സംഘർഷത്തിന് ശാശ്വത പരിഹാരം കൊണ്ടുവരാനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇറാനിലേക്ക് വൻതോതിലുള്ള കരസേനാ നീക്കം സൈദ്ധാന്തിക സാധ്യതയായി നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ ഭരണകൂടത്തിലെ ആരും പിന്തുണയ്ക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാനിലേക്ക് കരസേനയെ അയയ്ക്കുന്നതിൽ ട്രംപിന് താൽപര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനവാസമേഖലകൾക്ക് സമീപമുള്ള അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടാൽ MOAB-യുടെ വിശാലമായ സ്ഫോടനപരിധി സാധാരണക്കാർക്ക് വലിയ അപകടമുണ്ടാക്കുമെന്ന ആശങ്കയുമുണ്ട്. സൈനിക പദ്ധതികളെക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കാൻ എല്ലാ സാധ്യതകളും ട്രംപ് പരിഗണിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. അതേസമയം, MOAB പ്രയോഗിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

US military weighs using ‘mother of all bombs’ against Iran in future strikes: Report

More Stories from this section

family-dental
witywide