
ലോസ് ഏഞ്ചല്‍സ്: വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളില്‍ നിന്നുള്ള ജനിതക ഘടകങ്ങള്‍ ഉപയോഗിച്ച് വന്‍തോതില്‍ ഹൈബ്രിഡ് ചെമ്മരിയാടുകളെ വളര്‍ത്താന്‍ ശ്രമിച്ച ഒരാള്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതായി യുഎസ് നീതിന്യായ വകുപ്പ്. ആര്‍തര്‍ ഷുബാര്‍ത്ത് എന്ന 81 കാരനാണ് ശിക്ഷിക്കപ്പെട്ടത്.
ലോകത്തിലെ ഏറ്റവും വലിയ ചെമ്മരിയാടുകളുടെ ഭാഗങ്ങള്‍ കിര്‍ഗിസ്ഥാനില്‍ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത് അമേരിക്കയില്‍ ക്ലോണ്‍ ചെയ്ത ഭ്രൂണങ്ങള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ചു. പിന്നീട് ഇതുപയോഗിച്ച് സൃഷ്ടിച്ച മാര്‍ക്കോ പോളോ അര്‍ഗാലി എന്ന വിഭാഗത്തില്‍പ്പെട്ട ചെമ്മരിയാടിനെ ഇയാള്‍ വളര്‍ത്തുകയായിരുന്നു. 300 പൗണ്ടില്‍ കൂടുതല്‍ (135 കിലോഗ്രാം) ഭാരമുള്ളതും അഞ്ചടിയില്‍ കൂടുതല്‍ (1.5 മീറ്റര്‍) കൊമ്പുകളുള്ളതുമായ വംശനാശഭീഷണി നേരിടുന്ന ചെമ്മരിയാടായിരുന്നു ഇത്.
വലിയ ആടുകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സങ്കരയിനങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു ഷുബാര്‍ത്ത്.
ഇത്തരത്തില്‍ സൃഷ്ടിച്ചെടുക്കുന്ന ആടുകളെ പിന്നീട് വേട്ടയാടല്‍ സംഘത്തിനും, വലിയ മൃഗങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കുന്നവര്‍ക്കും വില്‍ക്കാനായിരുന്നു പദ്ധതി. സങ്കര മൃഗങ്ങളെ ഇത്തരത്തില്‍ സൃഷ്ടിക്കുന്നതിന് നിയമവിരുദ്ധമായതുപോലെ പ്രകൃതിവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ജയില്‍ ശിക്ഷയ്ക്ക് പുറമേ, ഷുബാര്‍ത്തിന് 20,000 ഡോളര്‍ പിഴയും ലേസി ആക്ട് റിവാര്‍ഡ് ഫണ്ടിലേക്കും നാഷണല്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന് 4,000 ഡോളര്‍ പേയ്മെന്റും 200 ഡോളര്‍ അധികമായും നല്‍കാന്‍ ഉത്തരവിട്ടു.










