‘അതൊരു മോശം രാത്രിയായിരുന്നു, അസുഖമായിരുന്നു, ഞാന്‍ തളര്‍ന്നുപോയിരുന്നു’…സിഎന്‍എന്‍ സംവാദത്തെക്കുറിച്ച് എബിസി ന്യൂസില്‍ ബൈഡന്‍

വാഷിംടണ്‍: ലോകമെമ്പാടും പരക്കെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് സിഎന്‍എന്‍ സംവാദത്തിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രകടനം. വാര്‍ധക്യം തെളിച്ച വഴിയേ നീങ്ങിയ വൃദ്ധന്റെ ‘മോശം പ്രകടനം’ എന്ന് വിലയിരുത്തിയ സംവാദത്തില്‍ ട്രംപായിരുന്നു സ്റ്റാര്‍.

സിഎന്‍എന്‍ സംവാദത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തന്റെ ആദ്യത്തെ ടെലിവിഷന്‍ അഭിമുഖത്തില്‍ ബൈഡന്‍ തന്റെ മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കി. തനിക്ക് സുഖമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് പ്രകടനം മോശമായതെന്നുമാണ് എബിസി ന്യൂസിന്റെ ജോര്‍ജ്ജ് സ്റ്റെഫാനോപൗലോസിനോട് സംസാരിച്ച ബൈഡന്‍ വ്യക്തമാക്കിയത്. താന്‍ തളര്‍ന്നു പോയിരുന്നുവെന്നും , എന്റേതല്ലാതെ മറ്റാരുടെയും തെറ്റല്ലെന്നും പറഞ്ഞ ബൈഡന്‍, ചര്‍ച്ച നടന്ന സമയത്തെ ‘ഒരു മോശം രാത്രി’ എന്നുമാണ് വിളിച്ചത്.

തന്റെ അസുഖം പ്രകടനത്തെ ബാധിച്ചുവെന്ന് പറഞ്ഞ ബൈഡനോട് സംവാദത്തിന്റെ വീഡിയോ കണ്ടോ എന്ന് സ്റ്റെഫാനോപൗലോസ് ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നായിരുന്നു മറുപടി. അന്നത്തേത് ഒരു മോശം രാത്രിയായിരുന്നെങ്കിലും താന്‍ മൂന്നര വര്‍ഷമായി ചെയ്ത കാര്യങ്ങള്‍ അത് മായ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിന് എത്തിയപ്പോള്‍ ബൈഡന് സുഖമില്ലായിരുന്നുവെന്നും ജലദോഷം ഉണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രായാധിക്യവും ഓര്‍മ്മക്കുറവും ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കെ, മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ചില ഡെമോക്രാറ്റുകള്‍ ബൈഡനെ പ്രേരിപ്പിച്ചു. അതേസമയം, സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ബൈഡന്‍ വരും ദിവസങ്ങള്‍ കൂടുതല്‍ അഭിമുഖങ്ങള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ്.