
കൽപ്പറ്റ: വയനാട് മേപ്പാടിക്ക് സമീപം കള്ളാടി മീനാക്ഷി പാലത്തിനടുത്ത് അനക്കമ്പൊയിൽ–കള്ളാടി–മേപ്പാടി ഇരട്ടത്തുരങ്ക പാത നിർമാണം നടക്കുന്ന പ്രദേശത്തുണ്ടായ കനത്ത മണ്ണിടിച്ചിൽ 30 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി ഏറ്റവും പുതിയ വിവരം. അപകടത്തെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രി എ.പി. അനിൽകുമാറും കൃഷി മന്ത്രി ടി. സിദ്ധിഖും സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രിയങ്ക ഗാന്ധി എംപി വയനാട് കലക്ടറുമായി ഫോണിൽ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിൻ്റെ വിവരങ്ങൾ തേടിയിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർത്ത അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രിമാർക്ക് ഉടൻ വയനാട്ടിലെത്താൻ നിർദേശം നൽകിയത്. തുരങ്കപാത നിർമാണത്തിനായി കമ്പനി അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങി അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയതെന്നും ഇത് മനുഷ്യനിർമിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ധിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തുരങ്കപാത ജീവനക്കാരായ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിലേക്കാണ് മണ്ണും കല്ലും ഇടിഞ്ഞുവീണത്. അപകടത്തിൽ പരിക്കേറ്റ കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് ഉൾപ്പെടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ ആദ്യഘട്ടത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. കൂടുതൽ ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി – ചൂരൽമല റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
മീനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളും ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വയനാട് ജില്ലാ കളക്ടറും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. അതിതീവ്ര മഴയെ തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Wayanad landslide; More than 30 people are trapped, ministers arrive at the scene to coordinate rescue operations














