
താഷ്കെന്റ് / ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ ഉപരിപഠനം നടത്തുകയായിരുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സഹപാഠിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനി സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൾ അനമിനെ (23) ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് ഇരുവർക്കും.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ ദാരുണ സംഭവമുണ്ടായത്. യൂണിവേഴ്സിറ്റിയിൽ വെച്ച് അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്ന് തർക്കവും പ്രകോപനവുമുണ്ടാകുകയായിരുന്നു. തുടർന്ന് പ്രതി സദറുൾ അനം കയ്യിലുണ്ടായിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് ശക്തമായി അടിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ അനം തന്നെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലുണ്ടായ കടുത്ത ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് സാവരിയ മെഡിക്കൽ പഠനത്തിനായി ഉസ്ബക്കിസ്ഥാനിലേക്ക് പോയത്. പെൺകുട്ടിയുടെ പിതാവ് വിദേശത്തായതിനാലും ബന്ധുക്കൾക്ക് ഉസ്ബക്കിസ്ഥാനിലേക്ക് പോകാനുള്ള വിസ നടപടികളിൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാലും ആദ്യഘട്ടത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയിരുന്നു. തുടർന്ന് മറ്റൊരു ബന്ധു നേരിട്ടെത്തിയാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ഉസ്ബക്കിസ്ഥാനിൽ നിന്നും വിമാനമാർഗ്ഗം ചൊവ്വാഴ്ച പുലർച്ചെയോടെ ഡൽഹിയിൽ എത്തിച്ച മൃതദേഹം, ആവശ്യമായ മറ്റ് ഔദ്യോഗിക നടപടികൾക്ക് ശേഷം രാത്രിയോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നടക്കും. സംഭവത്തിൽ ഉസ്ബക്കിസ്ഥാൻ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Brutal torture by classmate: Malayali medical student killed in Uzbekistan; Malappuram native arrested














