
പാരിസ്: പാരീസ് ഒളിംപിക്സ് 2024 ലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് കനേഡിയൻ ഗായിക സെലിൻ മേരി ഡിയോൺ. സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന മാരകമായ രോഗാവസ്ഥയെ പോരാടി തോൽപ്പിക്കുന്നതിനിടെയാണ് സെലിൻ വേദികളിലേക്ക് തിരിച്ചുവരവുനും ഒരുങ്ങുന്നത്. പത്തുലക്ഷത്തിലൊരാളെ മാത്രം ബാധിക്കാറുള്ള അത്യപൂർവമായ ന്യൂറോളജിക്കൽ ഡിസോർഡറാണ് ഇവരെ ബാധിച്ചിരുന്നത്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വേദികളോട് അവർ 2022 ൽ താൽക്കാലികമായി വിടപറഞ്ഞിരുന്നു. പാരിസിൽ വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലാണ് താരം സംഗീത പരിപാടി നടത്തുക. റിഹേഴ്സലിനായി സെലിൻ പാരീസിലെ റോയൽ മോൺസോ ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2022 ൽ ഡിസംബറിൽ രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ സെലിൻ വേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
പേശീസങ്കോചം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശരീരമാസകലം വേദന എന്നിവയാണ് തുടക്കത്തിലുണ്ടായ ലക്ഷണം.ലക്ഷണങ്ങൾ വീണ്ടും മൂർച്ഛിച്ചതോടെ പരിപാടികൾ അവതരിപ്പിക്കാൻ കഴിയാതായി. വൈകിയാണെങ്കിലും രോഗസ്ഥിരീകരണം നടത്തിയതിന് പിന്നാലെ വേണ്ട ചികിത്സകൾ ചെയ്തതോടെ മാറ്റമുണ്ടായെന്നാണ് സെലിൻ പറയുന്നത്. എന്തായാലും താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.