ചരിത്രത്തിന്റെ പുതിയ ഏടില്‍ ഭാരത കത്തോലിക്കാ സഭ ; മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഉടന്‍

വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം അല്‍പ സമയത്തിനകം നടക്കും. ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ പുരോഹിതനാണ്.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് നടക്കുക. ഒന്നര മണിക്കൂറാണ് ചടങ്ങുകളുടെ ദൈര്‍ഘ്യം.

അമ്പത്തൊന്നുകാരനായ മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ചടങ്ങിന് മുന്നോടിയായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ആശംസകള്‍ അറിയിച്ച സംഘം മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളായി ഉയര്‍ത്തിയതില്‍ നന്ദിയും അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന ആവശ്യവും മാര്‍പ്പാപ്പയെ അറിയിച്ചിട്ടുണ്ട്. മാര്‍പ്പാപ്പയെ കണ്ട് നിയുക്ത കര്‍ദിനാളിന്റെ കുടുംബാംഗങ്ങളും നന്ദി അറിയിച്ചിട്ടുണ്ട്.