യുഎസിലെ അധ്യാപന ജോലിയിലേക്ക് മടങ്ങാൻ കേന്ദ്രാനുമതി ലഭിച്ചില്ല; വിജിലൻസ് ഡയറക്ടർ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ സ്വയം വിരമിക്കുന്നു. ഒരുവർഷത്തോളം സർവീസ് ബാക്കിനിൽക്കെയാണ് ഡി.ജി.പി. തസ്തികയിലുള്ള ഉദ്യോഗസ്ഥൻ സ്വമേധയാ വിരമിക്കുന്നത്. അമേരിക്കയിൽ അധ്യാപനത്തിനായി അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അനുവദിക്കാത്തതിനു പിന്നാലെയാണ് അദ്ദേഹം സ്വയംവിരമിക്കലിന് അപേക്ഷിച്ചത്. 1992 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ ടി.കെ. വിനോദ് കുമാർ അടുത്തവർഷം ഓഗസ്റ്റിലായിരുന്നു വിരമിക്കേണ്ടിയിരുന്നത്.

നേരത്തേ അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽ അദ്ദേഹം അധ്യാപകനായിരുന്നു. ഇന്ത്യാന സർവകലാശാലയിൽനിന്നുതന്നെയാണ് ക്രിമിനൽ ജസ്റ്റിസിൽ അദ്ദേഹം പിഎച്ച്.ഡി. നേടിയതും.

സ്വയം വിരമിക്കലിനുള്ള ടി.കെ. വിനോദ് കുമാറിന്റെ ആവശ്യം അംഗീകരിച്ച സർക്കാർ അടുത്തമാസം 11 മുതൽ വിരമിക്കാൻ അനുമതി നൽകി ഉത്തരവായി. ടി.കെ. വിനോദ് കുമാർ സ്ഥാനമൊഴിയുന്നതോടെ ബിവറേജസ് കോർപ്പറേഷൻസ് എം.ഡി.യായ എ.ഡി.ജി.പി. യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി. തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹേബിന്റെ കാലാവധി നീട്ടിനൽകിയതോടെ ടി.കെ. വിനോദ് കുമാറിന് ഇനി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയില്ലാതെയുമായി. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയംവിരമിക്കലിലേക്കു കടന്നത്.

More Stories from this section

family-dental
witywide