മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് ട്രംപ്; ഇറാൻ പ്രതിസന്ധിക്കിടെ ‘മോശം സമയമെന്ന്’ യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തൻ്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലവും നിലവിലെ ആഗോള രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുക്കുമ്പോൾ ഇതൊരു ‘മോശം സമയമാണെന്ന്’ ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളും അടിയന്തര ഔദ്യോഗിക ചുമതലകളും കാരണം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കാമെന്നാണ് പ്രസിഡൻ്റ് നൽകുന്ന സൂചന. എങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘‘വിവാഹത്തിന് ഞാൻ എത്തണമെന്ന് അവന് ആഗ്രഹമുണ്ട്. ചെറിയ സ്വകാര്യ ചടങ്ങാണ് നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ ഇറാനിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ, വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയ നല്ലൊരു സമയമല്ലിത്’’– ട്രംപ് പറഞ്ഞു. താൻ ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾ തന്നെ വിമർശിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘ഒരിക്കലും ജയിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണിത്. ഞാൻ വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അവർ എന്നെ കുറ്റപ്പെടുത്തും. വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങളാണിത് ചെയ്യുക. അവർക്ക് മികച്ചൊരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ’’ – ട്രംപ് പറഞ്ഞു.

ബഹാമാസിൽ വെച്ച് നടക്കുന്ന ലളിതമായ സ്വകാര്യ ചടങ്ങിലാണ് ട്രംപ് ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായ ഡോണൾഡ് ട്രംപ് ജൂനിയറും ബെറ്റിന ആൻഡേഴ്സണും വിവാഹിതരാകുന്നത്. ഈ ആഴ്ചാവസാനമാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

Trump may not be able to attend son’s wedding; US President says ‘bad timing’ amid Iran crisis