
വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യമായ പോളണ്ടിലേക്ക് അമേരിക്ക 5,000 സൈനികരെക്കൂടി അധികമായി അയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പോളണ്ടിലേക്ക് നിശ്ചയിച്ചിരുന്ന 4,000 സൈനികരുടെ വിന്യാസം പ്രതിരോധ മന്ത്രാലയമായ പെൻ്റഗൺ റദ്ദാക്കി ഒരാഴ്ച തികയും മുൻപാണ് ട്രംപിൻ്റെ അപ്രതീക്ഷിത സൈനിക നീക്കം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. പോളണ്ട് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ താൻ പിന്തുണച്ച കരോൾ നാവ്റോക്കിയുമായുള്ള യുഎസിൻ്റെ ശക്തമായ നയതന്ത്ര ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ സൈനികർ നേരത്തെ റദ്ദാക്കിയ പട്ടികയിലുള്ളവരാണോ അതോ പുതിയ സംഘമാണോ എന്നതിൽ വ്യക്തതയില്ല.
അതേസമയം, “അമേരിക്ക ഫസ്റ്റ്” നയത്തിൻ്റെ ഭാഗമായി യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക പദ്ധതിയിടുന്നുണ്ട്. ഇറാൻ വിഷയത്തെച്ചൊല്ലി ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി ഉണ്ടായ തർക്കത്തെ തുടർന്ന് ജർമ്മനിയിൽ നിന്ന് 5,000 യുഎസ് സൈനികരെ പിൻവലിക്കാൻ ഈ മാസമാദ്യം ട്രംപ് ഉത്തരവിട്ടിരുന്നു. ജർമ്മനിയിൽ നിന്ന് പിൻവലിക്കുന്ന ഈ സൈനികരെയാണോ പോളണ്ടിലേക്ക് മാറ്റുന്നതെന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാൻ വിഷയത്തിൽ തങ്ങളെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികൾക്കെതിരെയും ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
പോളണ്ടിലേക്കുള്ള സൈനിക വിന്യാസം റദ്ദാക്കിയത് ഒരു താത്കാലിക താമസം മാത്രമാണെന്നും മേഖലയിൽ ശക്തമായ യുഎസ് സാന്നിധ്യം ഉറപ്പാക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ട്രംപിൻ്റെ കടുത്ത ആരാധകനായ പോളിഷ് പ്രസിഡൻ്റ് നാവ്റോക്കി, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മാത്രമേ സാധിക്കൂ എന്ന് മുൻപ് പ്രസ്താവിച്ചിരുന്നു.
എന്നാൽ ജർമ്മനിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തിനെതിരെ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത് റഷ്യയ്ക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. നിലവിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ യുഎസ് സൈനികരുള്ളത് ജർമ്മനിയിലാണ്. 36,000-ത്തിലധികം പേരുണ്ടിവിടെ.
Trump says he will send 5,000 more troops to Poland, move bypassing Pentagon ban















