തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ, 101 വോട്ടുകൾ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികൾ നേർക്കുനേർ പോരാടിയ ത്രികോണ മത്സരത്തിനൊടുവിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭാ നാഥനായി ചുമതലയേറ്റത്.

ശക്തമായ വോട്ടിംഗ് നിലയോടെയായിരുന്നു തിരുവഞ്ചൂരിൻ്റെ വിജയം. ആകെയുള്ള വോട്ടുകളിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലെത്തിയത്. മുഖ്യപ്രതിപക്ഷമായ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ എ. സി. മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങിയ ബി.ജെ.പിയുടെ സ്ഥാനാർത്ഥി ബി. ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി.സുധാകരന്‍ വോട്ട് ചെയ്തില്ല. പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു പിന്നിലൊരുക്കിയ സ്ഥലത്തുവന്ന് വോട്ടു രേഖപ്പെടുത്തി പെട്ടിയില്‍ ഇടുകയായിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി വി. ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കറെ ആദരവോടെ സ്പീക്കറുടെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രവർത്തന പരിചയമുള്ള സഭയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 138 വര്‍ഷത്തെ പാരമ്പര്യമുള്ള നിയമസഭയില്‍ 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാര്‍ലമെൻ്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സ്പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ഈ മാസം 23 മുതൽ 28 വരെ നിയമസഭ സമ്മേളിക്കില്ല. തുടർന്ന് മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ വീണ്ടും ആരംഭിക്കും. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Thiruvanchoor Radhakrishnan, Speaker of the Kerala Legislative Assembly

More Stories from this section

family-dental
witywide