
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജസ്ഥാനിലാണ് മോദി വിവാദ പ്രസംഗം നടത്തിയത്.
കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കടുത്ത പ്രതിഷേധമുയര്‍ന്നതോടെ കോണ്‍ഗ്രസ് മുസ്ലീംങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും തന്‍റെ സര്‍ക്കാരാണ് മുസ്ലീം ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളതെന്നും ഇന്നത്തെ റാലിയില്‍ മോദി വിശദീകരിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നടത്തിയ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.
Congress complaints to EC against PM Modi hate speech















