
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വവും വർധിക്കുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി വടക്കേ അമേരിക്കയിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് ഡോളർ മൂല്യമുള്ള സ്വർണശേഖരം മാറ്റി നെതർലാൻഡ്സ് സെൻട്രൽ ബാങ്ക് (ഡിഎൻബി). അടിയന്തര പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് 86 മെട്രിക് ടണ്ണോളം സ്വർണം ന്യൂയോർക്കിലെയും കാനഡയിലെ ഓട്ടവയിലെയും വോൾട്ടുകളിൽനിന്ന് ലണ്ടനിലേക്ക് മാറ്റിയത്. നേരത്തെ നെതർലാൻഡ്സിന്റെ ആകെ സ്വർണശേഖരത്തിന്റെ 31.3 ശതമാനം ന്യൂയോർക്കിലും 19.7 ശതമാനം ഓട്ടവയിലുമാണ് സൂക്ഷിച്ചിരുന്നത്. പുതിയ മാറ്റത്തോടെ രണ്ട് നഗരങ്ങളിലെയും ശേഖരം 18.5 ശതമാനമായി കുറഞ്ഞതായി ബാങ്ക് അറിയിച്ചു. നിലവിൽ 612.4 മെട്രിക് ടൺ സ്വർണശേഖരമാണ് ഡച്ച് സെൻട്രൽ ബാങ്കിനുള്ളത്.
സ്വർണശേഖരത്തിന്റെ കൈമാറ്റസാധ്യതയും വ്യാപാര സാധ്യതകളും വർധിപ്പിക്കുകയാണ് മാറ്റത്തിന്റെ ലക്ഷ്യമെന്ന് ഡച്ച് സെൻട്രൽ ബാങ്ക് ഗവർണർ ഒലാഫ് സ്ലീപെൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ അടിയന്തര കരുതൽശേഖരം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, എന്നാൽ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ബാങ്കിന്റെ ശേഷിയും സജ്ജീകരണങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമായി 27 മെട്രിക് ടണ്ണിലധികം സ്വർണം നെതർലാൻഡ്സിലെ സെയ്സ്റ്റിലുള്ള സൈനിക കേന്ദ്രത്തിലെ അതീവ സുരക്ഷിതമായ ബാങ്ക് വോൾട്ടിലേക്ക് നേരിട്ട് എത്തിച്ചു. സമാനമായ അളവിലുള്ള സ്വർണം സെയ്സ്റ്റിൽനിന്ന് ലണ്ടനിലേക്കും മാറ്റിയിട്ടുണ്ട്. ന്യൂയോർക്കിൽ സൂക്ഷിച്ചിരുന്ന 59 മെട്രിക് ടണ്ണോളം സ്വർണം വിറ്റഴിച്ച് ലഭിച്ച തുക ഉപയോഗിച്ച് ലണ്ടനിൽനിന്ന് പുതിയ സ്വർണം വാങ്ങുകയും ചെയ്താണ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിന് അന്താരാഷ്ട്ര വ്യാപാര വിപണിയിൽ ഉയർന്ന മൂല്യവും എളുപ്പത്തിൽ കൈമാറ്റം ചെയ്യാനുള്ള സൗകര്യവുമുണ്ടെന്ന് ഡിഎൻബി ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രതിസന്ധി ഘട്ടങ്ങളിൽ ന്യൂയോർക്കിലെയും ഓട്ടവയിലെയും സ്വർണശേഖരം പെട്ടെന്ന് ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന വിലയിരുത്തലാണ് ലണ്ടനിലേക്ക് ശേഖരം മാറ്റാൻ നെതർലാൻഡ്സിനെ പ്രേരിപ്പിച്ചതെന്നും ബാങ്ക് വ്യക്തമാക്കി.















