സെപ്റ്റംബർ 24-ന് ഷി ജിൻപിങ് യുഎസ് സന്ദർശിക്കും ; സ്വീകരിക്കുന്നതിൽ സന്തോഷമെന്ന് ട്രംപ്

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഈ മാസം 24-ന് അമേരിക്ക സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചൈനീസ് ഭരണാധികാരിയുടെ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിരവധി ശുഭസൂചനകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് വ്യക്തമാക്കി.

യുഎസ് യാത്രാ വ്യവസായ രംഗത്തെ പ്രമുഖരുമായി വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് സന്ദർശന തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. വിദേശ നിക്ഷേപം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ വികസനം, ചൈനയുമായുള്ള അമേരിക്കയുടെ സാമ്പത്തിക മത്സരം എന്നിവ ചർച്ച ചെയ്യുന്നതിനിടയിലാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്.

“സെപ്റ്റംബർ 24-ന് ചൈനീസ് പ്രസിഡൻ്റ് അമേരിക്കയിലെത്തുന്നുണ്ട്. ഇത് വളരെ ആവേശകരവും മികച്ചതുമായ ഒന്നായിരിക്കും. അദ്ദേഹത്തെ ഇവിടെ സ്വീകരിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്,” ട്രംപ് പറഞ്ഞു. പ്രസിഡന്റ് ഷിയുമായി ചേർന്ന് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ സന്ദർശനത്തിന്റെ വിശദമായ അജണ്ടയെക്കുറിച്ച് അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കയിലേക്ക് നിലവിൽ വൻതോതിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കാൻ ട്രംപ് ചൈനയുടെ പേര് പരാമർശിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അമേരിക്ക ചൈനയേക്കാൾ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യാപാരം, സാങ്കേതികവിദ്യ, ഭൗമരാഷ്ട്രീയ സ്വാധീനം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ചർച്ചകളിലൂടെ മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം.

കാനഡയുമായുള്ള അമേരിക്കയുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ രസകരമായ ഒരു പരാമർശവും ട്രംപ് നടത്തി. കൈകാര്യം ചെയ്യാൻ ചൈനയേക്കാൾ ബുദ്ധിമുട്ടുള്ള രാജ്യം കാനഡയാണെന്ന് ട്രംപ് പറഞ്ഞു. “ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യം ചൈനയോ വിയറ്റ്നാമോ ആണോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാൽ അല്ല, അത് കാനഡയാണ് എന്നാണ് എന്റെ മറുപടി. കാനഡയ്ക്ക് ഇപ്പോൾ ധൈര്യം കൂടിയിട്ടുണ്ട്,” ട്രംപ് വ്യക്തമാക്കി.

വർഷങ്ങളായി തുടരുന്ന വ്യാപാര നിയന്ത്രണങ്ങളും തന്ത്രപ്രധാന സാങ്കേതികവിദ്യകൾക്കുള്ള വിലക്കുകളും നിലനിൽക്കുമ്പോഴും, യുഎസും ചൈനയും സാമ്പത്തികമായി പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 24-ലെ ഈ കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

Xi Jinping to visit US on September 24; Trump says he will be happy to receive him

Also Read

More Stories from this section

family-dental
witywide