
ബാങ്കോക്ക്: മാസങ്ങൾ നീണ്ട കടുത്ത പോരാട്ടങ്ങൾക്കും സമുദ്ര യാത്രകൾക്കും ശേഷം തായ്‌ലാന്റിലെ ലാം ചബാംഗ് തുറമുഖത്ത് അടുത്ത യുഎസ് വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ കണ്ട നിരീക്ഷകരും ജനങ്ങളും ഒരുപോലെ ഞെട്ടി. അറ്റകുറ്റപ്പണികളൊന്നുമില്ലാതെ തുരുമ്പെടുത്ത് ജീർണ്ണിച്ച അവസ്ഥയിലാണ് ആയിരത്തോളം അടി നീളമുള്ള ഈ കൂറ്റൻ യുദ്ധക്കപ്പൽ കരയ്ക്കടുത്തത്. എന്നാൽ മാസങ്ങളോളം കടലിൽ തുടർച്ചയായി സർവീസ് നടത്തുന്ന ഒരു യുദ്ധക്കപ്പലിനെ സംബന്ധിച്ച് ഇത് തികച്ചും സ്വാഭാവികമായ കാര്യമാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ നവംബറിൽ കാലിഫോർണിയയിലെ സാൻ ഡിയേഗോയിലുള്ള സ്വന്തം ആസ്ഥാനത്ത് നിന്ന് തിരിച്ചുപോയ എബ്രഹാം ലിങ്കൺ, കഴിഞ്ഞ 286 ദിവസമായി കടലിൽ തുടരുകയാണ്. മധ്യപൂർവേഷ്യയിൽ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളിലും കടൽ ഉപരോധങ്ങളിലും മാസങ്ങളോളം പങ്കെടുത്ത ശേഷമാണ് കപ്പൽ തായ്‌ലാന്റിൽ എത്തിയത്. രണ്ടു മാസത്തിലേറെയായി തുടർച്ചയായി കടലിൽ കഴിയുന്ന കപ്പലുകളിൽ, പ്രത്യേകിച്ച് ജലനിരപ്പിനോട് ചേർന്നുള്ള ഭാഗങ്ങളിൽ തുരുമ്പ് കയറുന്നത് സാധാരണമാണെന്ന് യുഎസ് നാവികസേനയിലെ മുൻ ക്യാപ്റ്റൻ കാൾ ഷൂസ്റ്റർ പറഞ്ഞു.
യുദ്ധഭൂമിയിലും സമുദ്രത്തിലും ദൗത്യങ്ങളിലേർപ്പെട്ടിരിക്കുമ്പോൾ കപ്പലിലെ തുരുമ്പ് മാറ്റുന്ന പ്രവൃത്തികൾ നടത്തുക അപ്രായോഗികമാണ്. വെള്ളത്തോട് ചേർന്നുള്ള ഭാഗങ്ങളിലെ തുരുമ്പ് നീക്കം ചെയ്യാൻ ജീവനക്കാരെ താഴേക്ക് ഇറക്കി, തുരുമ്പ് മണൽ ഉപയോഗിച്ച് ഉരച്ചുമാറ്റി, പ്രത്യേക പ്രൈമറിന്റെ രണ്ടു കോട്ടുകളും നാവികസേനയുടെ ഗ്രേ പെയിന്റിന്റെ രണ്ടു കോട്ടുകളും അടിക്കണം. നിലവിലെ അവസ്ഥയിൽ കപ്പലിലെ മുഴുവൻ തുരുമ്പും മാറ്റി പെയിന്റ് ചെയ്ത് പൂർവ്വസ്ഥിതിയിലാക്കാൻ കുറഞ്ഞത് 30 ദിവസത്തെ കഠിനാധ്വാനം ആവശ്യമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഇത്രയും വലിയ ദൗത്യത്തിന് ശേഷം കപ്പലിലെ ജീവനക്കാർക്ക് വിശ്രമം അനുവദിക്കുന്നതിനായാണ് തായ്‌ലാന്റ് സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ദിവസങ്ങൾ നീളുന്ന ഈ വിശ്രമവേളയിൽ കപ്പലിന്റെ മുൻഗണനാടിസ്ഥാനത്തിലുള്ള ചില അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. സമുദ്രത്തിലെ തിരമാലകളെയും ഉപ്പുരസമുള്ള വെള്ളത്തെയും നേരിട്ട് പ്രതിരോധിക്കുന്ന മുൻഭാഗത്തെ തുരുമ്പാണ് ആദ്യം നീക്കം ചെയ്യുക. എന്നാൽ ജലനിരപ്പിന് മുകളിലുള്ള ഭാഗങ്ങളിലെ പെയിന്റിംഗ് ജോലി കപ്പൽ യാത്രയിലായിരിക്കുമ്പോൾ തന്നെ പൂർത്തിയാക്കാനാകും. എങ്കിലും തുരുമ്പ് ദീർഘകാലത്തേക്ക് അവഗണിക്കാൻ കഴിയില്ലെന്നും നാവികസേന വ്യക്തമാക്കുന്നു.















