മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതുമെന്ന് ബിജെപി എംപി, മോദിയുടെയടക്കം ഗൂഢപദ്ധതിയെന്ന് രാഹുല്‍

ബെംഗളുരു: ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമായാൽ ഭരണഘടന മാറ്റിയെഴുതുമെന്ന കര്‍ണാടകയിലെ ബി ജെ പി എം പി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പരാമർശം വിവാദത്തിൽ. ഇത്തവണ നാനൂറിന് മുകളിലലെന്ന ബിജെപിയുടെ പ്രചാരണ വാചകം തെരഞ്ഞെടുപ്പ് റാലിയില്‍ വിശദീകരിക്കുന്നതിനിടയായിരുന്നു ഉത്തര കന്നഡയിലെ എം പിയായ അനന്ത് കുമാറിന്‍റെ വിവാദ പരാമര്‍ശം. ലോക്സഭയിൽ ബി ജെ പിക്ക് നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. അത് ഇക്കുറിയും ആവർത്തിക്കും.രാജ്യസഭയിൽ കൂടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും അനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഹിന്ദു സമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോൺഗ്രസ് ഭരണഘടനയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അത് തിരുത്തിയഴുതാന്‍ ഇരുസഭകളിലും ഭൂരിപക്ഷം വേണമെന്നും അനന്ത് കുമാര്‍ ഹെഗ്ഡേ പറഞ്ഞു. ഹെഗ്ഡെയുടെ പരാമർശത്തിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ചാണ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. മോദിയുടെയും സംഘപരിവാറിന്‍റെയും ഗൂഢപദ്ധതി വെളിപ്പെട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഈ നീക്കത്തിനെതിരെ ദളിത് ആദിവാസി പിന്നാക്കവിഭാഗങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭരണഘടനയെ തകര്‍ക്കാനുള്ള മോദിയുടെയും ബി ജെ പിയുടെയും നീക്കമാണ് പുറത്ത് വന്നതെന്ന് സി പി എമ്മും കുറ്റപ്പെടുത്തി. അതേസമയം ഹെഗ്ഡെയുടെ പ്രസ്താവനയില്‍ വെട്ടിലായ ബി ജെ പി നേതൃത്വം ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Congress criticises BJP MP Hegde remarks on changing the Constitution

More Stories from this section

family-dental
witywide