വിമത നീക്കത്തെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പിളർന്നു.അഭിജിത് ദീപകെ നയിക്കുന്ന സി.ജെ.പി, ‘ടീം കെജ്‌രിവാൾ’ ആയി മാറിയെന്ന് ആരോപിച്ചാണ് വിമതരുടെ നീക്കം. സി.ജെ.പി വോളന്റിയറായിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ CJP-D (കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക്) എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. പ്രതിഷേധക്കാരെ തഴയുന്ന നിലപാടാണ് അഭിജിത് ദീപ്കെ സ്വീകരിച്ചതെന്ന് ബ്രഹ്മ്ഭട്ട് ആരോപിച്ചു.യുവാക്കൾ നയിച്ച ഒരു പ്രസ്ഥാനത്തെ ടീം കെജ്‌രിവാളാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജെ.പിയുടെ നേതൃത്വത്തിലുള്ളവർ മുൻപ് ആം ആദ്മി പാർട്ടി ബന്ധമുള്ളവരാണെന്നും ബി.ജെ.പിയെ എതിർക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ബ്രഹ്മ്ഭട്ട് അവകാശപ്പെട്ടു. ദീപ്കെ നയിക്കുന്ന സി.ജെ.പി നേതൃത്വം പ്രസ്ഥാനത്തെ വിറ്റുവെന്നും അവർ രൂപീകരിച്ച 12 അംഗ സംഘത്തിൽ എട്ടുപേരും ആം ആദ്മിയുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിക്കുന്നു.ബാക്കിയുള്ളത് ദീപ്കെയുടെ പെൺസുഹൃത്തും കോളേജിലെ മറ്റ് സുഹൃത്തുക്കളുമാണെന്നാണ് ബ്രഹ്മ്ഭട്ടിന്റെ വാദം.ദേശീയതലത്തിൽ സംഘടനയ്ക്ക് വലിയ ഘടന വേണമെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വോളന്റിയർമാരും പ്രതിഷേധക്കാരുമാണ് പ്രതിനിധികളായി എത്തേണ്ടതെന്നും നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടത് ‘ഹൈക്കമാൻഡ്’ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ജെ.പിയുടെ നേതൃത്വത്തിലെത്തുന്നവരുടെ സംഘം ദീപ്കെയുടെ വസതിയിൽ യോഗം ചേരുന്നെന്ന വിവരം ലഭിച്ചതിന് പിന്നാലെ ബ്രഹ്മ്ഭട്ടും അനുയായി രാഹുൽ പാണ്ഡ്യയും അവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട യോഗത്തിൽ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത സി.ജെ.പിയുടെ സജീവ പ്രവർത്തകരെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഈ നീക്കം.പ്രതിഷേധത്തിനിടെ ആരോഗ്യനില വഷളായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ബ്രഹ്മ്ഭട്ടിന്റെ ആരോപണങ്ങളിൽ സി.ജെ.പിയോ ദീപ്കെയോ നിലവിൽ പ്രതികരിച്ചിട്ടില്ല.
Factional Rift in Cockroach Janata Party: Rebel Group Launches CJP-D Alleging AAP Influence










