ലഖ്‌നൗ: ഓപ്പറേഷൻ സിന്ദൂറിലെ വ്യോമനടപടികൾക്ക് നേതൃത്വം നൽകിയ വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) തിരഞ്ഞെടുത്തു. 2026 ഏപ്രിലിൽ ഇന്ത്യൻ വ്യോമസേനയിൽനിന്ന് വിരമിച്ച മിശ്രയാണ് ഇനി ക്ഷേത്ര ട്രസ്റ്റിന്റെ വിപുലമായ ഭരണപരമായ ചുമതലകൾക്ക് നേതൃത്വം നൽകുക. അതേസമയം, നിയമനം സംബന്ധിച്ച് ട്രസ്റ്റിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും മിശ്ര പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഓപ്പറേഷൻ സിന്ദൂറിലെ മികച്ച സേവനവും നേതൃത്വവും പരിഗണിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു മിശ്രയ്ക്ക് സർവോത്തം യുദ്ധ സേവാ മെഡൽ സമ്മാനിച്ചിരുന്നു. യുദ്ധം, സംഘർഷം തുടങ്ങിയ സാഹചര്യങ്ങളിൽ മികച്ച സേവനത്തിന് നൽകുന്ന രാജ്യത്തെ അപൂർവ സൈനിക ബഹുമതികളിലൊന്നാണിത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള അടുത്തിടെ നടന്ന പോഡ്കാസ്റ്റ് അഭിമുഖത്തിൽ പാകിസ്ഥാന്റെ ആഴത്തിലുള്ള പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ ഇന്ത്യൻ സേന എങ്ങനെ കണ്ടെത്തി ആക്രമിച്ചുവെന്നും മിശ്ര വിശദീകരിച്ചിരുന്നു. ഏകദേശം 314 കിലോമീറ്റർ അകലെയുള്ള ഒരു ലക്ഷ്യം ചെറിയൊരു പ്രവർത്തന നിർദേശത്തെ തുടർന്ന് തകർത്തതായും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ ദേവ്റിയ ജില്ലയിലെ ഭോപത്പുര സ്വദേശിയാണ് മിശ്ര. സിഇഒ എന്ന നിലയിൽ ക്ഷേത്ര ട്രസ്റ്റിന്റെ ദൈനംദിന ഭരണനിർവഹണം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, ജീവനക്കാരുടെ ഏകോപനം, സുരക്ഷാ വിഭാഗങ്ങളുമായുള്ള ഏകോപനം, വലിയ മതപരമായ ചടങ്ങുകളുടെ നടത്തിപ്പ് തുടങ്ങിയ ചുമതലകളാണ് മിശ്ര ഇനി നിർവഹിക്കുക.










