
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനു പിന്നാലെ ഇദ്ദേഹത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്.
പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പത്രിക തള്ളി നിലേഷിനെ അയോഗ്യനാക്കിയത്. പിന്നീട് സൂറത്തില്‍ എതിരാളികള്‍ ഇല്ലാതെ ബിജെപിയുടെ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
സംഭവം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിനു പിന്നാലെയാണ് നിലേഷിനെ കാണാതായിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മാത്രമല്ല, നിലേഷ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അടച്ചിട്ട വീടിന് പുറത്ത് ജനദ്രോഹി എന്ന് എഴുതിയ പോസ്റ്ററുകളുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം, സൂറത്തില്‍ ബിജെപിയുടെ ആദ്യ ലോക്സഭാ വിജയത്തിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൂറത്ത് ആദ്യ താമര സമ്മാനിച്ചതായി ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞു. സൂറത്ത് ലോക്സഭാ സീറ്റിലെ ഞങ്ങളുടെ സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തതിന് ഞാന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.















