ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ലേക്കുയര്‍ന്നു. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി.
വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള യാത്ര ദുരിതപൂര്‍ണമായിരിക്കുകയാണ്. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയിരുന്നു.
അതേസമയം, തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം ഇന്നലെ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.