അയോവ കോക്കസ് : ആദ്യ റിപ്പബ്ലിക്കന്‍ മത്സരത്തില്‍ ട്രംപ് ബഹുദൂരം മുന്നിൽ

വാഷിംഗ്ടണ്‍ : റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. അമേരിക്കയിലെ അയോവ സംസ്ഥാനത്ത് ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപ് ബഹുദൂരം മുന്നിലാണ്. 52 ശതമാനം വോട്ടുകളും ട്രംപാണ് നേടിയത്. റോൺ ഡിസാൻ്റിസിന് 20 ശതമാനവും നിക്കി ഹേലിക്ക് 17 ശതമാനവും വോട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് ആരംഭിച്ച് വെറും അരമണിക്കൂറിനുള്ളിലാണ് വോട്ടിന്റെ മുക്കാല്‍ ഭാഗവും നേടി ട്രംപ് വിജയത്തിലേക്ക് കുതിക്കുന്നത്.

അയോവയിലെ സമയം വൈകിട്ട് 7 മണിയോടെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. അയോവ സംസ്ഥാനത്തെ 99 കൌണ്ടികളിലായി 1657 സ്ഥലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയിൽ റജിസ്റ്റർ ചെയ്തവരാണ് വോട്ട് ചെയ്യുന്നത്.

ജൂലൈയിൽ നടക്കുന്ന റിപ്പബ്ളിക്കൻ കൺവൻഷനിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അതിന് അയോവ കോക്കസിൻ്റെ തീരുമാനം നിർണായകമാണ്. അയോവയിലെ റിപ്പബ്ളിക്കൻ വോട്ടർമാരിൽ 48 ശതമാനം പേരും ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുമെന്ന് എൻബിസി ന്യൂസ് സർവേ ഫലമുണ്ടായിരുന്നു. അതിനും മുകളിലേക്കാണ് ട്രംപ് മുന്നേറുന്നത്. 50 ശതമാനം കിട്ടായാൽ അത് ചരിത്രപരമായിരിക്കുമെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.