
വാഷിംഗ്ടണ്‍: എതിരാളികള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം നടത്താനും ചിലപ്പോള്‍ കല്ലുവെച്ച നുണ സത്യം പോലെ പറഞ്ഞു നടക്കാനും ഒട്ടുമടികാണിക്കാറില്ല തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇപ്പോഴിതാ ക്രിസ്ത്യാനികളെ ചേര്‍ത്തുനിര്‍ത്താനും വോട്ടുതേടാനും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഈ നവംബറില്‍ നിങ്ങള്‍ എനിക്ക് വോട്ടു ചെയ്താല്‍ നാല് വര്‍ഷത്തിനുള്ളില്‍, നിങ്ങള്‍ വീണ്ടും വോട്ട് ചെയ്യേണ്ടി വരില്ലെന്നും, ഞങ്ങള്‍ എല്ലാം നന്നായി ശരിയാക്കുമെന്നും അദ്ദേഹം തട്ടി വിട്ടു. എന്നാല്‍ തന്റെ പരാമര്‍ശം കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ വ്യക്തത നല്‍കാനുള്ള അഭ്യര്‍ത്ഥനയോട് ട്രംപിന്റെ പ്രചാരണ സംഘവും മറുപടി നല്‍കിയില്ലെന്ന് വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ കണ്‍സര്‍വേറ്റീവ് ഗ്രൂപ്പായ ടേണിംഗ് പോയിന്റ് ആക്ഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഞാന്‍ ക്രിസ്ത്യാനികളെ സ്‌നേഹിക്കുന്നു, ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്’ എന്നൊക്കെയാണ് ട്രംപ് പറഞ്ഞത്.















