
പ്രതിരോധം, ഊർജ്ജം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി യാത്ര തിരിച്ചു. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. വൈകിട്ടോടെ ഇന്തോനേഷ്യയിൽ എത്തുന്ന പ്രധാനമന്ത്രി നാളെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, ഊർജ്ജം, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് ഇന്തോനേഷ്യയിൽ നടക്കുക.
തുടർന്ന് ബുധനാഴ്ച ഓസ്ട്രേലിയയിൽ എത്തുന്ന പ്രധാനമന്ത്രി വ്യാപാര, സാമ്പത്തിക, സാങ്കേതിക രംഗങ്ങളിൽ ഇരുരാജ്യങ്ങളും യോജിച്ചു നീങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തും. പ്രമുഖ ഓസ്ട്രേലിയൻ കമ്പനിയായ എയർട്രങ്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വമ്പൻ നിക്ഷേപ പദ്ധതിയുടെ തുടർനടപടികളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും. ഒപ്പം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനൊപ്പം ക്രിക്കറ്റ് താരങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. ഇന്തോ–ന്യൂസിലാൻഡ് വ്യാപാര കരാർ ഒപ്പുവെച്ച ശേഷമുള്ള നിലവിലെ സാഹചര്യം വിലയിരുത്തുന്ന അദ്ദേഹം, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം കാർഷിക മേഖലയിലടക്കം പുതിയ സഹകരണ ധാരണകളിൽ ഒപ്പുവെക്കും. സന്ദർശന വേളയിൽ മൂന്ന് രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പ്രവാസി സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കുന്നുണ്ട്.
PM Narendra Modi Embarks on Three Nation Tour to Indonesia Australia and New Zealand















