എ.എസ്.എം ഇന്റര്‍നാഷനലിന്റെ തലപ്പത്തേയ്ക്ക് മലയാളിയായ ഡോ. നവീന്‍ മാഞ്ഞൂരാന്‍

ഫ്ളോറിഡ: നാനോ ടെക്‌നോളജി സെമി കണ്ടക്ടര്‍ മേഖലകളിലെ എഞ്ചിനിര്‍മാരുടെയും ശാസ്ത്രഞരുടെയും സംഘടന (ASM INTERNATIONAL) എ എസ് എം ഇന്റര്‍നാഷനലിന്റെ തലപ്പത്തേയ്ക്ക് കൊച്ചി സ്വദേശിയായ ഡോ. നവീന്‍ മാഞ്ഞൂരാന്‍.

ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തെത്തുന്നത്. സീനിയര്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്ന ഡോ. മാഞ്ഞൂരാന്‍ ഈ പദവിയില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്. ഫ്‌ളോറിഡയിലെ ഒര്‍ലാണ്ടോയില്‍ താമസിക്കുന്ന ഇദ്ദേഹം ഗ്ലോബല്‍ ടെക്‌നോളജി ആന്‍ഡ് റിസേര്‍ച് കമ്പനിയായ സോള്‍വിന്റെ ചെയര്‍മാനാണ്. 12 പേറ്റന്റുകള്‍ സ്വന്തമായുള്ള ഡോ. നവീന്‍, 12 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

തെലങ്കാന എന്‍ഐടി യില്‍ നിന്നും ബിരുദം കരസ്ഥമാക്കി അമേരിക്കയിലേയ്ക്ക് ചേക്കേറിയ ഡോ. മാഞ്ഞൂരാന്‍, യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയില്‍നിന്നും മെറ്റീരിയല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും, വെര്‍ജീനിയ ടെക്കില്‍ നിന്നും മെറ്റീരിയല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടി. കൂടാതെ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്നും ങആഅ ബിരുദവും അമേരിക്കയിലെ പ്രസിദ്ധമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുണ്ട്.

എ എസ് എം ഇന്റര്‍നാഷണല്‍, അമേരിക്കന്‍ സിറാമിക് സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍സ്, മിനറല്‍ ആന്‍ഡ് മൈനിങ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍സ് എന്നിവയില്‍ ഫെലോ ആണ് ഡോ. മാഞ്ഞൂരാന്‍. അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിരവധി പദവികളില്‍ സേവനമനിഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം യു എസ് ടെക്‌നോളജി ബോര്‍ഡ്, ബോര്‍ഡ് ഓഫ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയായും വെര്‍ജീനിയ ടെക്കില്‍ ബോര്‍ഡ് ഓഫ് വിസിറ്റര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഔട്ട് സ്റ്റാന്റിങ് ഇന്ത്യന്‍ അമേരിക്കന്‍ അവാര്‍ഡ്, ഔട്ട് സ്റ്റാന്റിങ് യൂണിവേഴ്‌സിറ്റി ഓഫ് ഫ്ളോറിഡ അലുമിനി (എംഎസ്ഇ) അവാര്‍ഡ്, ഔട്ട് സ്റ്റാന്റിങ് വെര്‍ജീനിയ ടെക് അലുമിനി (ഐഎസ്എ) അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഡോ. മാഞ്ഞൂരാനെ തേടി എത്തിയിട്ടുണ്ട്. ASM INTERNATIONAL സൊസൈറ്റി, 110 വര്‍ഷത്തിലധികം പഴക്കമുള്ളതും ലോകത്തിലെതന്നെ ഏറ്റവും വലിയ, ഏകദേശം 17,000 അധികം അംഗങ്ങളുള്ള ടെക്‌നിക്കല്‍ പ്രഫഷനുകളുടെ ഒരു കൂട്ടായ്മയുമാണ്.

തിരക്കുകള്‍ക്കിടയിലും ഒര്‍ലാണ്ടോയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും സംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമാണ് ഡോ. നവീന്‍ മാഞ്ഞൂരാന്‍.

More Stories from this section

family-dental
witywide