
തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷനായി ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ബിഷപ്പ് ജോണ്‍ മാര്‍ ഐറേനിയസ് മുഖ്യ കാര്‍മികനായി.
കുര്‍ബാനയ്ക്കു മുന്‍പ് നിയുക്ത മെത്രാപ്പൊലീത്തയെ പള്ളിയിലേക്കു പ്രദക്ഷിണമായി സ്വീകരിച്ചശേഷം കുര്‍ബാന മധ്യേ സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നു. വിവിധ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാന ചിഹ്നങ്ങള്‍ കൈമാറി തിയോഫിലോസിനെ സഭ അധ്യക്ഷനായി വാഴിച്ചു. സമൂഹ നന്മയ്ക്കായി അത്തനേഷ്യസ് യോഹാന്‍ കാണിച്ചു തന്ന മാതൃക താനും പിന്തുടരുമെന്ന് തെയോഫിലോസ് പറഞ്ഞു.
സ്ഥാനാരോഹണത്തെത്തുടര്‍ന്ന് ചേര്‍ന്ന അനുമോദന സമ്മേളനം മാര്‍ അത്തനേഷ്യസ് യോഹാന്‍ സ്മാരക കണ്‍വെന്‍ഷന്‍ സെന്ററില്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, മത, സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.










