പുതിയ പിഎസ്‌സി അംഗങ്ങളെ തിരഞ്ഞെടുത്തു; പട്ടികയിൽ നാല് കോൺഗ്രസ് പ്രതിനിധികളും ഒരു ലീഗ് പ്രതിനിധിയും

കേരള പബ്ലിക് സർവീസ് കമ്മീഷനിലെ (പി.എസ്.സി) അഞ്ച് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്ത് മന്ത്രിസഭ. നാല് കോൺഗ്രസ് പ്രതിനിധികളെയും ഒരു മുസ്ലിം ലീഗ് പ്രതിനിധിയെയുമാണ് പുതുതായി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മന്ത്രിസഭയിൽ വലിയ തർക്കമുണ്ടായെന്ന കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചെങ്കിലും അത് പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. അതേസമയം, മാധ്യമങ്ങളിൽ പ്രചരിച്ച പട്ടിക തന്നെയാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.പുതുതായി പി.എസ്.സി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകളും പശ്ചാത്തലവും പരിശോധിക്കാം.

കോൺഗ്രസ് പ്രതിനിധികളായി ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരെയും മുസ്ലിം ലീഗ് പ്രതിനിധിയായി ഷാഫി ചാലിയത്തെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

1. ജി. ഗോപകുമാർ

കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റും ഗ്രാമീണ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമാണ് 57കാരനായ ജി. ഗോപകുമാർ. കോട്ടയം തിരുവാർപ്പ് ചെങ്ങളം തെക്കുംകോയിത്തറ വീട്ടിൽ പരേതനായ റിട്ട. പോലീസ് സബ് ഇൻസ്‌പെക്ടർ ഐ. ഗോപാലന്റെയും സത്യഭാമയുടെയും മകനാണ്.എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കോട്ടയം ബസേലിയസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽ.എൽ.ബി ബിരുദവും നേടി.1985ൽ കോട്ടയം ഗവൺമെന്റ് കോളേജിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.ഭാര്യ: മല്ലിക ഗോപകുമാർ. മക്കൾ: ലക്ഷ്മി ഗോപകുമാർ, ഭാമ ഗോപകുമാർ.

2. രമേശ് എം. തമ്പി

കേരള പി.എസ്.സിയിൽ 33 വർഷത്തിലേറെ സേവനപരിചയമുള്ള മുൻ അഡീഷണൽ സെക്രട്ടറിയാണ് രമേശ് എം. തമ്പി. പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടൻസി ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കിയ ശേഷമാണ് പി.എസ്.സിയിൽ പ്രവേശിച്ചത്.വിദ്യാർഥിയായിരിക്കെ കെ.എസ്.യു പ്രവർത്തകനായിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ മരട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു.

3. റോസമ്മ ഫിലിപ്പ്

വിദ്യാഭ്യാസം, സർവകലാശാലാ ഭരണം, പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങിയ മേഖലകളിൽ 32 വർഷത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് 57കാരിയായ റോസമ്മ ഫിലിപ്പ്. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച അവർ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം കോൺഫറൻസുകളിൽ പ്രധാന പ്രഭാഷകയായി പങ്കെടുത്തിട്ടുണ്ട്. 50ലധികം പിയർ റിവ്യൂഡ് ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഭരണപരമായ ചുമതലകളും വഹിച്ചിട്ടുണ്ട്.പി.എച്ച്.ഡി, എം.ഫിൽ, എം.എഡ് ബിരുദങ്ങൾക്കു പുറമേ ഫിസിക്സ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യനാണ് ഭർത്താവ്. മക്കൾ: റസൽ, റൂസോ, റോക്കി.

4. ആർ. സനൽകുമാർ

ആലപ്പുഴ ജില്ലയിലെ തകഴി സ്വദേശിയായ അഭിഭാഷകനാണ് ആർ. സനൽകുമാർ. നിലവിൽ അമ്പലപ്പുഴയിലാണ് താമസം. ജില്ലാ ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം തകഴി ഗ്രാമപഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.ഡി.സി.സി അംഗമായ സനൽകുമാർ യു.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി കൺവീനറായും തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ കെ. സുധ കരുവാറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. മക്കൾ: അഭിഷേക്, അഭിജിത്ത്.

5. ഷാഫി ചാലിയം

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് ഷാഫി ചാലിയം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ പാർട്ടിയുടെ സജീവ സാന്നിധ്യമാണ് അദ്ദേഹം.പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ ഷാഫി സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ലൈസൺ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ചന്ദ്രികയിൽ കോൺട്രിബ്യൂട്ടിങ് കറസ്പോണ്ടന്റായും ക്രസന്റ് ടൈംസ് ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു. പരേതനായ ഉബൈദുള്ളയുടെയും മേച്ചേരി സൈനബയുടെയും മകനാണ്. ഭാര്യ നജ്മുൽ ലൈല. മക്കൾ: അഡ്വ. മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അഞ്ജൽ, മുഹമ്മദ് അരീജ്.

More Stories from this section

family-dental
witywide