ജോർജിയ സ്കൂൾ വെടിവയ്പ്: കൊല നടത്തിയ വിദ്യാർഥിയെ കുറിച്ച് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു, കഴിഞ്ഞ വർഷം വിദ്യാർഥിയെ ചോദ്യം ചെയ്തിരുന്നു

യുഎസിലെ ജോർജിയയിലെ സ്കൂളിൽ 4 പേരെ വെടിവച്ചു കൊന്ന വിദ്യാർഥി മുമ്പ് വെടിവയ്പ് ആക്രമണ ഭീഷണി മുഴക്കിയിരുന്നതായി എഫ്ബിഐ. 14 വയസ്സുള്ള കോൾട്ട ഗ്രേ എന്ന ഈ വിദ്യാർഥി ഓൺലൈനിലൂടെ വെടിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. തോക്കുകളുടെ ചിത്രങ്ങൾ അടങ്ങിയ നിരവധി ഓൺലൈൻ പോസ്റ്റുകളും ഇയാളുടെ വകയായിയുണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.

സ്ഥലമോ സമയമോ വെളിപ്പെടുത്താതെ സ്‌കൂളിൽ വെടിവെയ്പ്പ് നടത്തുമെന്ന് മാത്രം കഴിഞ്ഞ വർഷം ഈ കുട്ടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇതു കണ്ട നാഷനൽ ത്രെട്ട് ഓപറേഷൻ സെൻ്റർ പ്രാദേശിക പൊലീസിനു വിവരം കൈമാറിയെന്നും പൊലീസ് അന്വേഷിച്ച് ഈ കുട്ടിയുടെ വീട്ടിൽ എത്തുകയും ചെയ്തതായി എഫ്ബിഐ അറിയിച്ചു. ഭീഷണിവന്ന സ്ഥലം കണ്ടെത്തിയ ശേഷം, ഈ കുട്ടിയേയും പിതാവിനെയും പോലീസ് ചോദ്യം ചെയ്തു.എന്നാൽ താനല്ല ഭീഷണികളയച്ചത് എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ പിതാവ് വേട്ടയാടാനായി തോക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ചു. എന്നാൽ തോക്ക് ഉപയോഗിക്കാൻ മകനെ അനുവദിക്കാറില്ല എന്നാണ് അയാൾ പൊലീസിനെ അറിയിച്ചത്. ആ സമയത്ത് അറസ്റ്റിന് കാരണമായേക്കാവുന്ന കുറ്റങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.

എന്നാൽ ഇന്നലെ അറ്റ്ലാൻ്റയിൽ നിന്ന് 80 മൈൽ അകലെയുള്ള അപ്പാലാച്ചി ഹൈസ്‌കൂളിൽ ഈ കുട്ടി തോക്കുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും 2 അധ്യാപകരും രണ്ടു വിദ്യാർഥികളും മരിക്കുകയും ചെയ്തു. 9 പേർക്ക് പരുക്കുകളോടെ ആശുപത്രിയിലാണ്. പൊലീസ് സ്ഥലത്തെത്തിയ ഉടനെ കോൾ ഗ്രേയെ അറസ്റ്റ് ചെയ്തിരുന്നു.

FBI Had Alerted Cops About the student Who Shot Dead 4 At US School