അദാനിക്ക് യുഎസിൽ ക്ലീൻ ചിറ്റ്, 265 മില്യൺ ഡോളറിൻ്റെ കൈക്കൂലി കേസ് ഒതുക്കാൻ 84,000 കോടിയുടെ നിക്ഷേപം?

വാഷിംഗ്ടൺ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ യുഎസിൽ നിലവിലുണ്ടായിരുന്ന 265 മില്യൺ ഡോളറിൻ്റെ കൈക്കൂലി-തട്ടിപ്പ് കേസ് യുഎസ് നീതിന്യായ വകുപ്പ് (DOJ) പിൻവലിക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. ഈ നീക്കം ഒന്നര വർഷത്തോളമായി അദാനി ഗ്രൂപ്പിന് മേൽ നിഴൽ വീഴ്ത്തിയിരുന്ന വലിയൊരു നിയമക്കുരുക്കിനാണ് വഴിത്തിരിവുണ്ടാക്കുന്നത്.

ഇന്ത്യയിൽ വൻകിട സൗരോർജ്ജ പദ്ധതികളുടെ കരാറുകൾ നേടിയെടുക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നൽകാൻ അദാനിയും കൂട്ടരും പദ്ധതിയിട്ടെന്നാണ് കേസ്. ഈ അഴിമതിവിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും അദാനി ഗ്രൂപ്പ് കോടിക്കണക്കിന് ഡോളർ സമാഹരിച്ചുവെന്ന് കാണിച്ച് 2024 നവംബറിലാണ് യുഎസ് പ്രോസിക്യൂട്ടർമാർ അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. എന്നാൽ അദാനി ഗ്രൂപ്പ് തുടക്കം മുതൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു.

അദാനിയുടെ പുതിയ നിയമസംഘം നയിക്കുന്ന പ്രമുഖ അഭിഭാഷകൻ റോബർട്ട് ജെ. ഗിയൂഫ്ര ജൂനിയർ കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് ആസ്ഥാനത്ത് നടത്തിയ വിശദമായ പ്രസൻ്റേഷനാണ് കേസ് പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. കേസ് ഫയൽ ചെയ്യാൻ യുഎസ് അധികൃതർക്ക് കൃത്യമായ തെളിവുകളോ അധികാരപരിധിയോ ഇല്ലെന്ന് നിയമസംഘം വാദിച്ചു. ഇതോടൊപ്പം, കേസ് ഒത്തുതീർപ്പാക്കുകയാണെങ്കിൽ യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 10 ബില്യൺ ഡോളർ (ഏകദേശം 84,000 കോടി രൂപ) നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദാനി ഗ്രൂപ്പ് തയ്യാറാണെന്ന വാഗ്ദാനവും മുന്നോട്ട് വെച്ചിട്ടുണ്ട്. ക്രിമിനൽ കേസ് പിൻവലിക്കാൻ ഈ നിക്ഷേപ വാഗ്ദാനം നേരിട്ട് സ്വാധീനിച്ചിട്ടില്ലെന്ന് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, ട്രംപ് ഭരണകൂടത്തിൻ്റെ വിദേശ കോർപ്പറേറ്റ് കേസുകളോടുള്ള മൃദുസമീപനമാണ് ഈ പിൻവലിക്കലിന് പിന്നിലെന്നാണ് സൂചന.

യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുമ്പോഴും, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്‌ഇസി) ചുമത്തിയ സമാന്തര സിവിൽ കേസ് വലിയൊരു തുക പിഴയായി നൽകി ഒത്തുതീർപ്പാക്കാനാണ് സാധ്യത. അദാനിയും സാഗർ അദാനിയും ചേർന്ന് ഏകദേശം 15 മില്യൺ ഡോളർ എസ്‌ഇസിക്ക് പിഴയായി നൽകിയേക്കും. കൂടാതെ ഇറാനിയൻ ഗ്യാസ് കയറ്റുമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റിന് ഏകദേശം 275 മില്യൺ ഡോളർ പിഴ നൽകാനും അദാനി ഗ്രൂപ്പ് ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ വാരം തന്നെ യുഎസ് നീതിന്യായ വകുപ്പ് കേസ് പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് പൂർണ്ണമായി ഒഴിയുന്നത് അദാനി ഗ്രൂപ്പിന് അന്താരാഷ്ട്ര തലത്തിൽ വലിയ ആശ്വാസമാകുകയും ആഗോള മൂലധന വിപണിയിലേക്ക് വീണ്ടും ശക്തമായി തിരിച്ചുവരാൻ സഹായിക്കുകയും ചെയ്യും.

Adani gets clean chit in US in $265 million bribery case