
ചിക്കാഗോ: പ്രഥമ ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ലീഗ് കിരീടം ക്നാനായ യുണൈറ്റഡ് ടീമിന്. ശക്തരായ സിറോ മലബാര്‍ ക്രിക്കറ്റ് ടീമിനെ നാലു വിക്കറ്റിനു തകര്‍ത്താണ് ക്നാനായ യുണൈറ്റഡ് ടീം കിരീടം സ്വന്തമാക്കിയത്. പേരെൻ്റ് പട്രോളിയം വെസ്റ്റ് മോൻ്റ് ബിപിയാണ് സമ്മാനം സ്പോൺസർ ചെയ്തത്.
ഫൈനലില്‍ ബെല്‍വുഡ് മാര്‍ തോമാ ശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രല്‍ ക്രിക്കറ്റ് ടീമിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ച്, മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ്, ബെന്‍സെന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവകകളുടെ സംയുക്ത ക്രിക്കറ്റ് ടീമായ ക്നാനായ യുണൈറ്റഡ് ചാമ്പ്യന്മാരായി. സ്‌കോര്‍: സിറോ മലബാര്‍ 47/5(10), ക്നാനായ യുണൈറ്റഡ് 48/6(9.2).
ജാക്കബൈറ്റ് യുണൈറ്റഡ്, സെന്റ് തോമസ് സ്റ്റാര്‍ സീക്കേഴ്സ് ടീമുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ചിക്കാഗോ പ്രദേശത്തുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ യൂത്ത് ഫോറം, കാരള്‍ സ്ട്രീം മക്കാസലിന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഈ മാസം 7,8 തീയതികളിലാണ് ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ലീഗ് (CECL) സംഘടിപ്പിച്ചത്.
ചിക്കാഗോയിലെ 14 ദേവാലയങ്ങളില്‍ നിന്നുള്ള 135 കളിക്കാര്‍ ഉള്‍പ്പെട്ട CMTC ടസ്‌ക്കേഴ്സ്, ക്നാനായ യുണൈറ്റഡ്, സിറോ മലബാര്‍, ലോമ്പാര്‍ഡ് സ്റ്റാര്‍ സീക്കേഴ്സ്, ജാകോബെറ്റ് യുണൈറ്റഡ്, ഓര്‍ത്തഡോക്സ് ഔട്ട്ലോസ്, ഗ്രിഗോറിയന്‍ ഗ്ലാഡിയേറ്റര്‍സ്, സെന്റ് തോമസ് വാരിയര്‍സ്, CSI ചാര്‍ജഴ്സ് എന്നീ ടീമുകള്‍ പരസ്പരം മത്സരിച്ച ഈ ടൂര്‍ണമെന്റില്‍ സിറോ മലബാര്‍ ടീം ക്യാപ്റ്റന്‍ വിനീഷ് വര്‍ഗീസ് (66 റണ്‍സ്, 4 വിക്കെറ്റ്) മാന്‍ ഓഫ് ദി സീരീസ് ആയി.
മികച്ച ബാറ്റ്സ്മാൻ – ആനന്ദ് ജെയിംസ് (ക്നാനായ യുണൈറ്റഡ് 80 റണ്‍സ്). മികച്ച ബോളര്‍ – മിതിന്‍ ചിറക്കപ്പറമ്പില്‍ (ക്നാനായ യുണൈറ്റഡ് 5 വിക്കറ്റ്). കൂടുതല്‍ സിക്സര്‍ – ആനന്ദ് ജയിംസ് (5) എന്നിവര്‍ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കി.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. സക്കറിയ തേലപ്പള്ളില്‍ കോര്‍ എപ്പസ്‌കോപ്പ, സെക്രട്ടറി പ്രേജിത് വില്യം, സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍, പേരെന്റ് പട്രോളിയം പാര്‍ട്ണര്‍സ് ജോ അലിപേര്‍ട്ട, മാണി ഇട്ടിയവിരാ, യൂത്ത് ഫോറം ചെയര്‍മാന്‍ റവ. ഫാ. തോമസ് മാത്യു, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ മാത്യു സാമുവേല്‍, ടൂര്‍ണമെന്റ് കമ്മറ്റി മെംബേര്‍സ് റോഡ്നി സൈമണ്‍, പ്രെജില്‍ അലക്സാണ്ടര്‍, കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ് മാത്യു, ജോര്‍ജ് കുര്യാക്കോസ്, ഡല്‍സി മാത്യു എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.















