ഫൊക്കാന ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍

ന്യൂയോര്‍ക്ക് : ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിയെ ഫൊക്കാന ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററായി നിയമിച്ചതായി പ്രസിഡന്റ് സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും അറിയിച്ചു.

”അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസോസിറ്റിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) ഇന്ന് നോര്‍ത്ത് അമേരിക്കയില്‍ മാത്രമല്ല, മറ്റ് പലരാജ്യങ്ങളിലുമുള്ള മലയാളികള്‍ ഫൊക്കാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം എന്ന ആഗ്രഹവുമായി മുന്നോട്ട് വരുന്നുണ്ട്. ഇങ്ങനെ ഒരു ആവശ്യം വരുന്നതുതന്നെ ഫൊക്കാനയുടെ പ്രവര്‍ത്തന മികവ് കൊണ്ടും, മലയാളികള്‍ക്ക് ഫൊക്കാനയില്‍ ഉള്ള വിശ്വാസം കൊണ്ടുമാണ്. മുന്‍ വര്‍ഷങ്ങളില്‍ പല രാജ്യങ്ങളിലും ഫൊക്കാനയുടെ നേതാക്കന്മാര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്. മുന്‍ കാലങ്ങളില്‍ മുന്‍ പ്രസിഡന്റുമാരായ പോള്‍ കറുകപ്പള്ളിലും, ജോര്‍ജി വര്‍ഗീസും, മുന്‍ ട്രഷര്‍ തോമസ് തോമസും, ഇന്റര്‍നാഷണല്‍ ഫൊക്കാനയുടെ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്ലോബല്‍ ഫൊക്കാനയിലൂടെ ലോകത്തുള്ള മലയാളികളുടെ ഒരു ഏകീകരണമാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന്” പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

സമാന ചിന്താഗതികാരായ മലയാളികള്‍ ഉള്ള രാജ്യങ്ങളില്‍ ഫൊക്കാനയുടെ യൂണിറ്റുകള്‍ രൂപീകരിക്കണം എന്ന നിരന്തരമായ ആവശ്യത്താല്‍ അതുകൂടി നടപ്പാക്കുകയാണ് ഫൊക്കാന ഇന്റര്‍നാഷണലിന്റെ (ഗ്ലോബല്‍ ഫൊക്കാനയുടെ) ദൗത്യം. ഈ യൂണിറ്റുകള്‍ ഫൊക്കാനയുടെ അംഗസംഘടനകള്‍ അല്ല, മറിച്ചു ഫൊക്കാനയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും, യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുക, ലോക മലയാളികളെ സംഘടിപ്പിച്ചു ഒരു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനുമാണ് ഫൊക്കാന ലക്ഷ്യമിടുന്നത്. അങ്ങനെ ആഗോളതലത്തില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യുക എന്നത് കൂടിയാണ് പ്രധാന ലക്ഷ്യം.

”നാം ടെക്നോളജി യുഗത്തില്‍ ആണ് ജീവിക്കുന്നത്, ടെക്നോളജി ഇന്ന് ലോകത്തെ തന്നെ ഒരു കുടക്കീഴില്‍ എത്തിച്ചിരിക്കുകയാണ്. ലോകത്തുള്ള മലയാളികളുടെ ഒരു എകീകരണവും ആവശ്യമാണ് എന്ന തോന്നല്‍ കൂടിയാണ് ഫൊക്കാന ഇന്റര്‍നാഷണല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് ലോകമലയാളികളുമായി ബന്ധമുള്ള ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിയെ കോഓര്‍ഡിനേറ്റര്‍ ആയി നിയമിച്ചത്” എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും വ്യക്തമാക്കി.

ഫൊക്കാനയുടെ ആരംഭകാലം മുതല്‍ സജീവമായി പ്രവര്‍ത്തനരംഗത്തുള്ള പോള്‍ കറുകപ്പള്ളി, ഫൊക്കാനയുടെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവുകൂടിയാണ്. നാല് തവണ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ഉള്‍പ്പെടെ നോര്‍ത്ത് അമേരിക്കയിലെ നിരവധി സാംസ്‌കാരിക- സാമുദായിക- സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് – യു.എസ്.എ ( ഐ ഒ സി -യു എസ് എ) നാഷണല്‍ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം, ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ്‌ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ടൈംസ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പേപ്പറിന്റ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.

ലോക കേരളാസഭയില്‍ അംഗമായ അദ്ദേഹം കേരളത്തിലെ ഗവണ്‍മെന്റുമായും രാഷ്ട്രീയക്കാരുമായും നിരന്തര ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ്. നമ്മുടെ കേരളാ സംസ്ഥാനത്തുണ്ടായിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം നിലയിലും വിവിധ സംഘടനകള ഏകോപിപ്പിച്ചുകൊണ്ടും സഹായ ഹസ്തവുമായി എന്നും പോള്‍ കറുകപ്പള്ളില്‍ എത്താറുണ്ട്. കോവിഡ് മഹാമാരി ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ച് പദ്ധതിയില്‍ വ്യക്തിപരമായി പങ്കാളിയായ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ സംഘടനാ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

ഫൊക്കാന ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്ററായി തെരെഞ്ഞെടുക്കപ്പെട്ട പോള്‍ കറുകപ്പള്ളിലിനെ അഭിനന്ദിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങനങ്ങള്‍ എന്നും പ്രശംസനീയം ആണെന്നും പ്രസിഡന്റ് സജിമോന്‍ ആന്റണി , സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി . പ്രസിഡന്റ് പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ജോജി തോമസ് എന്നിവര്‍ അറിയിച്ചു .

(വാര്‍ത്ത : ശ്രീകുമാര്‍ ഉണ്ണിത്താന്‍)

More Stories from this section

family-dental
witywide