അതിശക്ത മഴ തുടരും, നാളെ 10 ജില്ലകളിൽ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുഖ്യമന്ത്രി പ്രളയബാധിത മേഖലകളിലെത്തും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർമാർ സമ്പൂർണ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി പത്ത് മണിയോടെയാണ് ഇടുക്കിയിൽ അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പ് വന്നത്. അതേസമയം കണ്ണൂർ, വയനാട് ജില്ലകളിൽ നിയന്ത്രിത അവധിയായിരിക്കും. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാലയങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഒഴികെ) വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് അവധി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നാളെ 12 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. അതിനിടെ മഴക്കെടുതി രൂക്ഷമായതോടെ പിഎസ്‌സി വരും ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ ഓൺലൈൻ, ഒഎംആർ പരീക്ഷകളും മാറ്റിവെച്ചിട്ടുമുണ്ട്.

പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ദുരന്തമേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് അദ്ദേഹം പ്രധാനമായും എത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി തുടർന്ന് റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും. മഴക്കെടുതിയിലുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നതിനും അടിയന്തര ആശ്വാസ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള തീരുമാനങ്ങൾ മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.

Heavy Rain Continues in Kerala: Holiday for Educational Institutions in 10 Districts Tomorrow; CM VD Satheesan to Visit Flood-Hit Areas

More Stories from this section

family-dental
witywide