
ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്നാണ് സമഗ്ര അന്വേഷണത്തിന് ശുപാർശ ചെയ്തത്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ വിജിലൻസ് വിശദമായി പരിശോധിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജ്ഞാപനത്തിലൂടെ നിർദ്ദേശിച്ചിട്ടുള്ളത്. വിഷയം വൻ വിവാദമായതോടെയാണ് അതിവേഗത്തിലുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.
അതേസമയം, നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും സ്റ്റേറ്റ് ലാബിൽ പരിശോധിച്ച് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് ശബരിമലയിലേക്ക് നെയ്യ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.
Sabarimala Ghee Controversy: Devom Vigilance Probe Ordered; Milma Denies Allegations













