
മുംബൈ: ഛേദാ നഗറിലെ അനധികൃത പരസ്യ ബോർഡ് തകർന്ന് 16 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഈഗോ മീഡിയയുടെ ഉടമ ഭവേഷ് ഭിൻഡെയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭിൻഡെയുടെ കമ്പനി സ്ഥാപിച്ച പരസ്യ ബോർഡ് ആണ് പൊടിക്കാറ്റിലും മഴയിലും പെട്രോൾ പമ്പിലേക്ക് തകർന്ന് വീണത്. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യയ്ക്ക്, പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റവും നിലനിൽക്കുന്നുണ്ട്.
അപകടം നടന്നയുടനെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഭവേഷ് ഭിൻഡെ നാടുവിട്ടിരുന്നു. രാജസ്ഥാനിലെ ഉദയ്പുരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു ഘാട്കോപ്പറിലെ പെട്രോൾ പമ്പിനു മുകളിൽ കൂറ്റൻ പരസ്യബോർഡ് വീണുള്ള ദുരന്തം. മുംബൈ കോർപറേഷന്റെ ഗുരുതരമായ അലംഭാവമാണ് അപകടത്തിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
ഭിൻഡെക്കെതിരെ ബലാത്സംഗം ഉൾപ്പടെ 23 കേസുകൾ നിലവിലുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബലാത്സംഗ കേസിൽ മുലുന്ദ് പൊലീസാണ് ജനുവരിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അനധികൃതമായി പരസ്യബോർഡുകൾ സ്ഥാപിച്ചതിന് ഭിൻഡെക്കെതിരെ മുമ്പും പൊലീസ് കേസെടുത്തിരുന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് ഇയാളെ ഇന്ത്യൻ റെയിൽവേ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.











