ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരും ഹമാസ് പോരാളികള്‍ : നെതന്യാഹു

ന്യൂഡല്‍ഹി: ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരും ഹമാസ് പോരാളികളാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍ ജനത വ്യാപകമായി കൊല്ലപ്പെടുന്നതിലുള്ള രോഷം ആശങ്ക ആഗോള തലത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് നെതന്യാഹുവിന്റെ വാക്കുകള്‍ എത്തുന്നത്. മാത്രമല്ല, മൊത്തത്തിലുള്ള മരണ സംഖ്യ പലസ്തീന്‍ പ്രദേശത്തെ അധികാരികള്‍ നല്‍കുന്നതിനേക്കാള്‍ കുറവാണെന്നും നെതന്യാഹു പറഞ്ഞു. ഞായറാഴ്ച നടത്തിയ ‘കോള്‍ മീ ബാക്ക്’ പോഡ്കാസ്റ്റിലെ അഭിമുഖത്തിലാണ് നെതന്യാഹു ഈ വിലയിരുത്തല്‍ പങ്കുവെച്ചത്.

ഇസ്രയേലും പലസ്തീന്‍ തീവ്രവാദികളായ ഹമാസും തമ്മില്‍ ഏഴ് മാസത്തിലേറെയായി നടക്കുന്ന യുദ്ധത്തില്‍ കുറഞ്ഞത് 35,091 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഗാസയിലെ മരണസംഖ്യ യഥാര്‍ത്ഥത്തില്‍ ഏകദേശം 30,000 ആണെന്നും അതില്‍ പകുതിയോളം ഹമാസ് പോരാളികളാണെന്നുമാണ് നെതന്യാഹു പറയുന്നത്.

ഐക്യരാഷ്ട്രസഭയും ഒപ്പം നിരവധി രാജ്യങ്ങളും ഗാസയിലെ മരണങ്ങളുടെ എണ്ണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തില്‍ സഹായത്തിനെത്തിയ അമേരിക്കയും മരണസംഖ്യ ഉയരുന്നതില്‍ കടുത്ത അതൃപ്തിയിലാണ്. അമേരിക്ക ഇസ്രയേലിന് 3,500 ബോംബുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തി, ഏകദേശം പത്ത് ദശലക്ഷം ആളുകള്‍ അഭയം പ്രാപിക്കുന്ന റഫയില്‍ ഇസ്രായേല്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം നടത്തിയാല്‍ പീരങ്കി ഷെല്ലുകളും മറ്റ് ആയുധങ്ങളും വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

പതിനാലായിരം ഹമാസ് തീവ്രവാദികളും ഏകദേശം 16,000 സാധാരണക്കാരും കൊല്ലപ്പെട്ടു എന്നാണ് നെതന്യാഹു നിരത്തുന്ന കണക്ക്. മുമ്പ്, കഴിഞ്ഞ മാര്‍ച്ചില്‍ ഒരു അഭിമുഖത്തിനിടെയും നെതന്യാഹു സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. അന്ന് നിരത്തിയ കണക്കില്‍ 13,000 തീവ്രവാദികള്‍ ഉണ്ടെന്നും സാധാരണക്കാരുടെ എണ്ണം 20,000 ല്‍ താഴെ മാത്രമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു.