ഇസ്രായേല്‍ സൈന്യം പിന്മാറിയ ഗാസയിലെ ഷുജയ്യയില്‍ നിന്നും 60 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഇസ്രയേല്‍ സൈന്യം പിന്മാറിയ ഗാസ നഗരത്തിന്റെ സമീപപ്രദേശത്തുനിന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ 60 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കനത്ത പോരാട്ടത്തിന് ശേഷം ഷുജയ്യയില്‍നിന്നാണ് ഇത്രയേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

ഇസ്രയേല്‍ സൈന്യം പിന്മാറിയതോടെ ഷുജയ്യയിലേക്ക് തിരിച്ചെത്തിയവര്‍ക്ക് വീടുള്‍പ്പെടെ എല്ലാം നഷ്ടമായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഷുജയ്യയില്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കിയതായി ബുധനാഴ്ച ഇസ്രായേല്‍ സൈന്യം അറിയിച്ചു. ടാങ്കുകളും സൈനികരും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയതായി ദൃക്സാക്ഷികളും പറഞ്ഞു.

അതേസമയം, വെടിനിര്‍ത്തല്‍ കരാറിനും ബന്ദി മോചനത്തിനുമായി ഖത്തറും അമേരിക്കയുമുള്‍പ്പെടെ തീവ്ര ശ്രമങ്ങള്‍ നടത്തി വരികയാണ്. വ്യാഴാഴ്ച ദോഹയില്‍ മധ്യസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്റലിജന്‍സ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചാ സംഘം ഇസ്രായേലിലേക്ക് മടങ്ങി. ഹമാസിലേക്ക് ആയുധങ്ങള്‍ എത്തുന്നത് തടയാന്‍ ഈജിപ്തുമായുള്ള ഗാസയുടെ അതിര്‍ത്തിയിലെ ഫലസ്തീന്‍ ഭാഗത്തിന്റെ നിയന്ത്രണം ഇസ്രായേലിന് ആവശ്യമാണെന്ന് സംഘത്തിന്റെ മടങ്ങിവരവിന് ശേഷം നെതന്യാഹു വ്യക്തമാക്കി. മാത്രമല്ല, ഹമാസിനെ തകര്‍ത്ത് എല്ലാ ബന്ദികളെയും നാട്ടിലെത്തിക്കുക എന്ന യുദ്ധലക്ഷ്യം കൈവരിക്കുന്നത് വരെ യുദ്ധം തുടരാന്‍ ഇസ്രായേലിനെ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide