ഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്ത് സംശയിച്ച് 12-ാം ക്ലാസ് വിദ്യാർത്ഥിയെ കാറിൽ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി. ആര്യൻ മിശ്ര എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 23 ന് നടന്ന ആക്രമണത്തിൽ ഗോ രക്ഷാ പ്രവർത്തകരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളായ അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇരയായ ആര്യൻ മിശ്രയും സുഹൃത്തുക്കളായ ഷാങ്കിയും ഹർഷിത്തും കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച് ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപം 30 കിലോമീറ്ററോളം പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോ രക്ഷാ പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ പശുക്കടത്തുകാരെ തിരയുന്നതിനിടെ പട്ടേൽ ചൗക്കിൽ ഒരു ഡസ്റ്റർ കാർ കണ്ടു. തുടർന്ന് കാർ ഡ്രൈവർ ഹർഷിത്തിനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ശങ്കിക്ക് മറ്റ് ചിലരുമായി ശത്രുത ഉണ്ടായിരുന്നതിനാൽ അവരെ കൊല്ലാൻ ഗുണ്ടകളെ അയച്ചതാണെന്ന് കരുതി വണ്ടി നിർത്തിയില്ല.
ഇവർ നിർത്താതെ പോയതിനെ തുടർന്ന് പ്രതികൾ കാറിന് നേരെ വെടിയുതിർക്കുകയും പാസഞ്ചർ സീറ്റിലിരുന്ന ആര്യൻ്റെ കഴുത്തിന് സമീപം വെടിയേൽക്കുകയുമായിരുന്നു. ഒടുവിൽ കാർ നിർത്തിയപ്പോൾ വീണ്ടും വെടിയുതിർത്തു. എന്നാൽ കാറിൽ രണ്ട് സ്ത്രീകളെ കണ്ടതോടെ അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ആര്യൻ പിറ്റേന്നു തന്നെ മരിച്ചു.
പ്രതികൾ നിയമവിരുദ്ധമായാണ് തോക്ക് കൈവശം വെച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.