ഡൽഹിയിൽ എസി പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; 9 പേർക്ക് ദാരുണാന്ത്യം, കുടുങ്ങിക്കിടന്ന പത്തോളം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഒൻപത് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ ഏകദേശം 3:45-ഓടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

നാലുനില കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പുലർച്ചെയായതിനാൽ താമസക്കാർ ഗാഢനിദ്രയിലായിരുന്നു. എസി പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിമിഷങ്ങൾക്കകം തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരണങ്ങൾ സംഭവിച്ചത്. വിവരമറിഞ്ഞ് 14 യൂണിറ്റ് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേന നടത്തിയ തിരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നുമാണ് കണ്ടെടുത്തത്. തീ പടർന്നപ്പോൾ പുറത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ ഗോവണിപ്പടിയിൽ കണ്ടെത്തി. പുകയും കനത്ത ചൂടും കാരണം ഇവർക്ക് പുറത്തെത്താൻ സാധിച്ചില്ലെന്നാണ് കരുതുന്നത്. ഒരാളുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നുമാണ് കണ്ടെടുത്തത്.

കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന പത്തോളം പേരെ സേന സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ജി.ടി.ബി (GTB) ആശുപത്രിയിൽ പ്രവേശപ്പിച്ചു. രാവിലെ 6:30-ഓടെയാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ടാണോ എസി സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയതായി അധികൃതർ അറിയിച്ചു. കഠിനമായ ചൂട് നിലനിൽക്കുന്ന ഡൽഹിയിൽ എസികൾ അമിതമായി പ്രവർത്തിപ്പിക്കുന്നത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നൽകി.

Massive fire breaks out in Delhi after AC explodes; 9 members of a family including three children die

More Stories from this section

family-dental
witywide