യുഎസിലേക്കുള്ള ആ രാത്രി, ആ തണുപ്പ് എല്ലാം അവര്‍ക്ക് അവസാനത്തേതായിരുന്നു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുംമുമ്പേ തണുത്ത് മരവിച്ച് മരണത്തിലേക്ക്

തണുപ്പ്… കൊടും തണുപ്പ്. അതിജീവിക്കുന്നിടത്തോളം അതിജീവിക്കാമെന്ന് ഇന്ത്യയില്‍ നിന്നുള്ള ആ നാലംഗ കുടുംബം കണക്കുകൂട്ടി. അച്ഛനും അമ്മയും കാട്ടിയ വഴിയേ അവര്‍ കാനഡ അതിര്‍ത്തി കടന്ന് യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതമായിരുന്നില്ല അവരെ കാത്തിരുന്നത്. കണ്ട സ്വപ്‌നങ്ങള്‍ക്കും മീതെയായിരുന്നു കൊടും തണുപ്പ്. അവരുടെ ജീവിതത്തിന്റെ അവസാന രാത്രിയില്‍, ജഗദീഷ് പട്ടേലും ഭാര്യ വൈശാലിബെനും അവരുടെ രണ്ട് പിഞ്ചു മക്കളായ 11 വയസ്സുള്ള വിഹാംഗിയും മൂന്ന് വയസ്സുള്ള ധര്‍മ്മിക്കും പിടിച്ചു നില്‍ക്കാനായില്ല. 2022 ജനുവരിയിലെ ആ ദിവസത്തില്‍ തണുപ്പ് -38 ലേക്ക് എത്തിയിരുന്നു.

മിനസോട്ടയില്‍ ഒരു കാത്തിരിപ്പ് വാന്‍ എത്തുമെന്ന പ്രതീക്ഷയില്‍, നിലാവില്ലാത്ത ആ രാത്രിയില്‍, വയലുകള്‍ താണ്ടി കനത്ത മഞ്ഞുവീഴ്ചകളിലും അവര്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. പക്ഷേ, ജീവിതം പച്ച പിടിക്കുംമുമ്പ് തണുത്തുറഞ്ഞ് നാലുപേരും മരണത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു.

‘ഡേര്‍ട്ടി ഹാരി’ എന്ന് വിളിപ്പേരുള്ള പരിചയസമ്പന്നനായ കള്ളക്കടത്തുകാരനായ ഹര്‍ഷ്‌കുമാര്‍ പട്ടേലാണ് കാനഡയിലെ കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. യുഎസില്‍ കാര്യങ്ങള്‍ നോക്കിയത് സ്റ്റീവ് ഷാന്‍ഡ് ആയിരുന്നു. ഇവര് രണ്ടുപേരും ഇപ്പോള്‍ പൊലീസ് പിടിയിലാണ്. നവംബര്‍ 18 മുതല്‍ വിചാരണ ആരംഭിക്കാനിരിക്കുന്ന കേസില്‍ ഇരവര്‍ രണ്ടുപേരും, യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരുടെ അതിവേഗം വളരുന്ന ജനസംഖ്യയെ പോഷിപ്പിക്കുന്ന അത്യാധുനിക മനുഷ്യക്കടത്ത് ഓപ്പറേഷന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു. ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല.

അന്ന് രാത്രി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 11 കുടിയേറ്റക്കാരുടെ ഒരു വലിയ സംഘത്തിന്റെ ഭാഗമായിരുന്നു പട്ടേലും കുടുംബവും. ശരിയായ ശൈത്യകാല വസത്രങ്ങളില്ലാതെ യാത്ര തുടങ്ങിയ കുടുംബം മഞ്ഞുവീഴ്ചയില്‍ 11 മണിക്കൂറിലധികം അലഞ്ഞുനടന്നപ്പോള്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. അവര്‍ ഗ്രൂപ്പില്‍ നിന്ന് വേര്‍പിരിഞ്ഞു. അവരുടെ തണുത്തുറഞ്ഞ മൃതദേഹങ്ങള്‍ കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ജഗദീഷ് തന്റെ ഇളയമകന്‍ ധാര്‍മികിനെ പുതപ്പില്‍ പൊതിഞ്ഞ് സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കുട്ടിയും അതിജീവിക്കാതെ യാത്രയായി.

ഒരാള്‍ക്ക് 90,000 ഡോളര്‍ വരെ ഈടാക്കുന്ന കള്ളക്കടത്ത് ശൃംഖല, വിദേശത്ത് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ള ദുര്‍ബലരായ കുടുംബങ്ങളെ ഇരയാക്കുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍ പട്ടേലിന്റെ കുടുംബത്തെപ്പോലെ പലരും കൃഷിഭൂമി വിറ്റുകിട്ടുന്നതുള്‍പ്പെടെയുള്ള സമ്പാദ്യം ഉപയോഗിച്ച് ഈ അപകടകരമായ യാത്രകള്‍ ചെയ്യുന്നുവെന്നതും യാഥാര്‍ത്ഥ്യം. ഇത്തരം ദുരന്തങ്ങള്‍ക്കിടയിലും, അമേരിക്കയിലെ മെച്ചപ്പെട്ട ജീവിതത്തിന്റെ സ്വപ്നം ആയിരക്കണക്കിന് ഇന്ത്യക്കാരെ, പ്രത്യേകിച്ച് ഗുജറാത്തില്‍ നിന്നുള്ളവരെ ആകര്‍ഷിക്കുന്നത് തുടരുന്നുമുണ്ട്.

More Stories from this section

family-dental
witywide