ജർമ്മനിയിൽ കൂട്ടവെടിവെപ്പ്: ആറ് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ജർമ്മനിയിലെ വടക്കൻ നഗരമായ സ്റ്റേഡ് നഗരത്തിൽ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

യുവജന കേന്ദ്രത്തിന് സമീപത്താണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. നഗരമധ്യത്തിന് പുറത്തുള്ള പ്രദേശത്ത് വ്യാപകമായ പരിശോധനയും സുരക്ഷാ നടപടികളും തുടരുകയാണ്. നിങ്ങളുടെ സുരക്ഷയ്ക്കായി സംഭവസ്ഥലത്തിന് സമീപത്തേക്ക് പോകരുതെന്നും പ്രദേശം ഒഴിവാക്കണമെന്നും എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ പൊലീസ് അഭ്യർഥിച്ചു.

സംഭവസ്ഥലത്ത് നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മരണസംഖ്യ ആറിലേക്ക് ഉയർന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റതായും, അവരിൽ ചിലരുടെ നില ഗുരുതരമാണെന്നും ജർമ്മൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ പരിക്കേറ്റവരുടെ കൃത്യമായ എണ്ണമോ തിരിച്ചറിയൽ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏകദേശം 50,000 പേർ താമസിക്കുന്ന സ്റ്റേഡ് നഗരം ഹാംബർഗിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Mass shooting in Germany: Six people killed, several injured

More Stories from this section

family-dental
witywide