ഫെഡറൽ റിസർവ് ഗവർണറെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി; ഉത്തരവ് തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി

വാഷിങ്ടൺ: അമേരിക്കൻ ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. ഫെഡറൽ റിസർവിന്റെ സ്വതന്ത്ര പദവിക്ക് ശക്തമായ പിന്തുണ നൽകുന്നതായാണ് ഈ സുപ്രധാന വിധിയെ വിലയിരുത്തുന്നത്. 5-4 എന്ന ഭൂരിപക്ഷ വിധിയിലാണ് സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന് തിരിച്ചടി നൽകിയത്. ലിസ കുക്കിനെ പുറത്താക്കുന്നതിന് മുമ്പ് ആരോപണങ്ങൾക്കെതിരെ മറുപടി പറയാനും സ്വയം പ്രതിരോധിക്കാനുമുള്ള മതിയായ നിയമപരമായ അവസരം (Due Process) ഭരണകൂടം നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ കേസ് വീണ്ടും താഴ്ന്ന കോടതിയിലേക്ക് മടങ്ങും. ലിസ കുക്കിനെതിരെ ഉന്നയിച്ച മോർട്ട്ഗേജ് തട്ടിപ്പ് ആരോപണം തെളിയിക്കാൻ ട്രംപ് ഭരണകൂടത്തിന് ഇനി കോടതിയിൽ തെളിവുകൾ ഹാജരാക്കേണ്ടിവരും. അതേസമയം, ആരോപണങ്ങൾക്കെതിരെ വാദിക്കാനുള്ള അവസരവും കുക്കിന് ലഭിക്കും. തനിക്കെതിരായ ആരോപണങ്ങൾ ലിസ കുക്ക് നിഷേധിച്ചിട്ടുണ്ട്. ഫെഡറൽ റിസർവിനെ കൂടുതൽ രാഷ്ട്രീയ നിയന്ത്രണത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നാണ് ഫെഡറൽ റിസർവിനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.

അമേരിക്കൻ നിയമപ്രകാരം ഫെഡറൽ റിസർവ് ഗവർണറെ ‘ന്യായമായ കാരണത്തിന്റെ’ അടിസ്ഥാനത്തിൽ മാത്രമേ പ്രസിഡന്റിന് പുറത്താക്കാൻ കഴിയൂ. രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന് കേന്ദ്രബാങ്കിനെ സംരക്ഷിക്കാനും ദീർഘകാല സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തി നയങ്ങൾ രൂപീകരിക്കാനുമാണ് ഈ വ്യവസ്ഥ നിലവിലുള്ളത്. ജനുവരിയിൽ സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ, ലിസ കുക്കിന്റെ അഭിഭാഷകനായ പോൾ ക്ലെമെന്റ്, ട്രംപ് ഭരണകൂടത്തിന്റെ നടപടി കോൺഗ്രസ് ഫെഡറൽ റിസർവിന് നൽകിയ സംരക്ഷണത്തെ അർഥശൂന്യമാക്കുന്നതാണെന്ന് വാദിച്ചു.

ഓഗസ്റ്റിൽ സോഷ്യൽ മീഡിയയിലൂടെയാണ് ലിസ കുക്കിനെ പുറത്താക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. ഒരേസമയം രണ്ട് വീടുകളെ പ്രധാന താമസസ്ഥലമായി കാണിച്ച് മോർട്ട്ഗേജ് രേഖകൾ സമർപ്പിച്ചെന്നാണ് കുക്കിനെതിരായ ആരോപണം. സാധാരണയായി പ്രധാന താമസസ്ഥലത്തിനാണ് ബാങ്കുകൾ കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുന്നത്.

അതേസമയം, വൈറ്റ് ഹൗസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ജോൺ സൗർ, സോഷ്യൽ മീഡിയയിലൂടെയുള്ള ട്രംപിന്റെ പ്രഖ്യാപനം തന്നെ കുക്കിന് മറുപടി പറയാനുള്ള മതിയായ അറിയിപ്പായിരുന്നുവെന്ന് കോടതിയിൽ വാദിച്ചു. ആരോപണം മനഃപൂർവമല്ലെങ്കിലും അത് അശ്രദ്ധയായി കണക്കാക്കാമെന്നും അത്തരമൊരു നടപടി ഫെഡറൽ റിസർവിലുള്ള പൊതുജന വിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രസിഡന്റിന്റെ തീരുമാനത്തിൽ കോടതി ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Supreme Court blocks Trump’s attempt to fire Federal Reserve governor Lisa Cook

More Stories from this section

family-dental
witywide