കാൻസസിലെ വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി, ഇന്ത്യക്കാരൻ മരിച്ച നിലയിൽ

കാൻസാസ്: അമേരിക്കയിലെ കാൻസാസ് സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട കാറിൽ ഇന്ത്യൻ വംശജനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയും നെബ്രാസ്കയിലെ ഒമാഹയിൽ താമസക്കാരനുമായ 33-കാരൻ വെങ്കടേഷ് ദൊപ്പലൗഡിയാണ് (Venkatesh Doppalaudi) മരിച്ചത്.

ശനിയാഴ്ച സുമ്നർ കൗണ്ടിയിലായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയപ്പോൾ വെങ്കടേഷ് സഞ്ചരിച്ച കാർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും കാർ കണ്ടെത്താനായപ്പോൾ ഡ്രൈവറെ കണ്ടെത്താനായില്ല. രാത്രിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ച ശേഷം ഞായറാഴ്ച വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സൗത്ത് ഒലിവർ റോഡിലെ പാലത്തിന് സമീപം വെള്ളത്തിനടിയിലായ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വാഹനം വെള്ളത്തിലേക്ക് ഒഴുകിപ്പോകുന്നതും അതിനുള്ളിൽ ഒരാൾ ഉണ്ടായിരുന്നതും കണ്ടതായി ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു.

എന്നാൽ പ്രളയജലത്തിന്റെ അതിശക്തമായ ഒഴുക്ക് കാരണം അഗ്നിരക്ഷാസേനയ്ക്ക് നേരിട്ട് വെള്ളത്തിലിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് കാൻസാസ് ഹൈവേ പട്രോളിന്റെ എയർ യൂണിറ്റും പൊലീസ് ഡ്രോണും ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.19-ഓടെ ഒലിവർ റോഡിൽ നിന്ന് ഏകദേശം കാൽ മൈൽ താഴെയായി വെങ്കടേഷിന്റെ മൃതദേഹം കണ്ടെത്തിയതായി സുമ്നർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കടേഷ് അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹയിൽ താമസമാക്കിയിരുന്നു. കാണാതായ വിവരം അറിഞ്ഞതോടെ ഇന്ത്യയിലെ കുടുംബാംഗങ്ങൾ പ്രാദേശിക ജനപ്രതിനിധികളുടെയും അധികൃതരുടെയും സഹായം തേടി.

അതേസമയം, വെങ്കടേഷ് എന്തിനാണ് കാൻസാസിലെത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തുടർച്ചയായ മഴയെ തുടർന്ന് കാൻസാസിൽ ശക്തമായ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യമാണ്. എന്നാൽ വെങ്കടേഷിന്റെ യാത്രയുടെ ലക്ഷ്യം കാൻസാസ് ആയിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഹൂസ്റ്റണിൽ നിന്ന് ടോൾ ഒഴിവാക്കിയുള്ള റൂട്ടിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് വെല്ലിങ്ടണിന് സമീപത്തെ പ്രാദേശിക റോഡിൽ വെച്ച് കാർ വെള്ളപ്പൊക്കത്തിൽ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

33-year-old Venkatesh Doppalaudi, an Indian-origin man, was found dead in Kansas hours after he went missing as his car was pulled by floodwaters in Sumner County

More Stories from this section

family-dental
witywide