
പെൻസിൽവാനിയ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെ വംശീയമായി അധിക്ഷേപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. രാജ്യത്തെ ഏറ്റവും വലിയ കറുത്തവർഗക്കാരായ പത്രപ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് കമലക്കെതിരെ വംശീയാധിക്ഷേപവുമായി ട്രംപ് രംഗത്തെത്തിയത്.
“അവർ എപ്പോഴും ഇന്ത്യൻ പൈതൃകത്തിലാണ് ജീവിച്ചത്. ആ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ കറുത്തവർഗക്കാരിയായി മാറുന്നതുവരെ അവർ കറുത്തവർഗത്തിൽ ഉള്ള ആളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോളവർ കറുത്തവർഗക്കാരിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യക്കാരിയാണോ അതോ കറുത്തവർഗക്കാരിയാണോ? എനിക്കറിയില്ല. എന്നാൽ, ഞാൻ രണ്ടുപേരെയും ബഹുമാനിക്കുന്നു. പക്ഷെ, അവരത് ചെയ്യുന്നില്ല. കാരണം അവർ എല്ലാ വഴികളിലും ഇന്ത്യക്കാരിയായിരുന്നു. പിന്നെ പെട്ടെന്നാണവർ തിരിഞ്ഞ് ഒരു കറുത്തവർഗക്കാരിയായത്,” 1000ത്തോളം പേരടങ്ങിയ സദസ്സിനു മുമ്പാകെ ട്രംപ് പറഞ്ഞു.
ഇന്ത്യൻ, ജമൈക്കൻ പാരമ്പര്യമുള്ള കമല ഹാരിസ്, കറുത്തവർഗക്കാരിയും ഏഷ്യക്കാരിയുമായാണ് സ്വയം വിശേഷിപ്പിക്കുന്നത്. വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ഏഷ്യൻ അമേരിക്കൻ വംശജയുമാണ് അവർ.















