
ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന വിഐപി അതിഥികളെ അയോധ്യയിലേക്ക് കൊണ്ടുപോകുന്ന ചാർട്ടേഡ് വിമാനങ്ങൾ പാർക്ക് ചെയ്യാൻ അഞ്ച് സംസ്ഥാനങ്ങളിലായി 12 വിമാനത്താവളങ്ങൾ സജ്ജമാക്കി സിവിൽ ഏവിയേഷൻ മന്ത്രാലയം. വിമാനങ്ങളുടെ ചിട്ടയായ പാർക്കിങ്ങിന് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നി അഞ്ച് സംസ്ഥാനങ്ങളിലായിട്ടാണ് 12 വിമാനത്താവളങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.
പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനങ്ങൾക്കായി നാല് പാർക്കിംഗ് സ്ഥലങ്ങൾ മാത്രമാണുള്ളത്. ഇവയിൽ ഒരെണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ വൺ വിമാനത്തിന് മാത്രമായി റിസർവ് ചെയ്തിട്ടുള്ളതാണ്.
ഇതുവരെ 48 ചാർട്ടേഡ് വിമാനങ്ങൾ ഇറക്കാനുള്ള അപേക്ഷകളാണ് ലഭിച്ചുള്ളത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഇന്ത്യ വൺ വിമാനം അയോധ്യയിലെത്തുന്നതോടെ മറ്റ് വിമാനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്നും, അതിനാൽ 1,000 കിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളോട് അയോധ്യയിലേക്കെത്തുന്ന അതിഥികളുടെ വിമാനങ്ങൾക്ക് രാത്രി മുഴുവൻ പാർക്കിംഗ് അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഖജുരാഹോ, ജബൽപൂർ, ഭോപ്പാൽ, ഡെറാഡൂൺ, ലഖ്‌നൗ, പ്രയാഗ്‌രാജ്, കാൺപൂർ, വാരണാസി, ഖുഷിനഗർ, ഗോരഖ്പൂർ, ഗയ, ദിയോഘർ എന്നിവയാണ് ബദൽ മാർഗങ്ങൾക്കായി നിർദ്ദേശിച്ചിട്ടുള്ള വിമാനത്താവളങ്ങൾ.
10 സീറ്റുള്ള ദസ്സാൾട്ട് ഫാൽക്കൺ 2000, എംബ്രയർ 135 എൽആർ & ലെഗസി 650, സെസ്‌ന, ബീച്ച്‌ക്രാഫ്റ്റ് സൂപ്പർ കിംഗ് എയർ 200, ബൊംബാർഡിയർ എന്നിവയുൾപ്പടെയുള്ള അത്യാഢംബര പ്രൈവറ്റ് ജെറ്റുകളാണ് പ്രാണപ്രതിഷ്ഠാദിനം അയോധ്യയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.രാത്രിയിലുള്ള ലാൻഡിങ് ഉൾപ്പടെ എല്ലാ കാലാവസ്ഥയിലും വിമാനം ഇറക്കാനുള്ള രീതിയിൽ സജ്ജമാണ് പുതിയ അയോധ്യ വിമാനത്താവളം.
Jets of VIPs to be parked at 12 airports across 5 states













