
വാഷിംഗ്ടണ്‍: അതേ…2020 ആവര്‍ത്തിക്കും. ഈ വര്‍ഷം അവസാനം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും തെരഞ്ഞെടുപ്പിനുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദ്ദേശം നേടിയതോടെയാണ് നാല് വര്‍ഷത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും മത്സരം ഉറപ്പിച്ചത്.
സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്ച രാത്രിയോടെയാണ് ട്രംപ് നേടിയത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡന് കാര്യമായ എതിരാളികളില്ലായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും 1968 ഡെലിഗേറ്റുകള്‍ നേടി പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനേഷന് ആവശ്യമുള്ള 1215 ഡെലിഗേറ്റുകള്‍ കരസ്ഥമാക്കി ട്രംപും സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു.
‘ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ ഒരു ചോയ്‌സുണ്ട്. നാം ഒന്നിച്ചുനിന്ന് നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പോകുകയാണോ അതോ മറ്റുള്ളവര്‍ അതിനെ തകര്‍ക്കാന്‍ അനുവദിക്കുകയാണോ? നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ തിരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശം പുനഃസ്ഥാപിക്കുമോ അതോ അത് എടുത്തുകളയാന്‍ തീവ്രവാദികളെ അനുവദിക്കുമോ?’ വിജയത്തിന് തൊട്ടുപിന്നാലെ എത്തിയ ബൈഡന്റെ വാക്കുകളായിരുന്നു ഇത്.
2020ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നാല് കുറ്റാരോപണങ്ങളില്‍ 91 കുറ്റങ്ങളാണ് 77 കാരനായ ട്രംപ് നേരിടുന്നത്. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക അമേരിക്കന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മാത്രമല്ല, ഒരു പോണ്‍ താരത്തിന് പണം നല്‍കിയത് മറച്ചുവെക്കാന്‍ ശ്രമിച്ച ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതിയില്‍ ഹാജരാകേണ്ടിയും വന്നിട്ടുണ്ട്.
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും കുടിയേറ്റക്കാരുടെ കുത്തൊഴുക്കും അടക്കമുള്ള വിഷയങ്ങള്‍ 81 കാരനായ ബൈഡന് എതിരെ നില്‍ക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളാണ്. ബൈഡന്റെ പ്രായത്തെക്കുറിച്ചും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മറവി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ വിമര്‍ശനം നേരിടുമ്പോള്‍ ഇനിയൊരു നാല് വര്‍ഷം കൂടി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Joe Biden and Donald trump on Wednesday secured nominations as presidential candidates















