
വാഷിംഗ്ടൺ: വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് പ്രസിഡന്റ് ആകാൻ യോഗ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ജോ ബൈഡൻ ഇക്കാര്യം പറഞ്ഞത്. “തുടക്കം മുതലേ എനിക്ക് അക്കാര്യത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല. അവർ പ്രസിഡൻ്റാകാൻ യോഗ്യയാണ്. അതിനാലാണ് ഞാൻ അവരെ തിരഞ്ഞെടുത്തത്.”
കമല ഹാരിസ് പ്രസിഡന്റ് ആകാൻ യോഗ്യയാണെന്ന് തോന്നിയില്ലായിരുന്നു എങ്കിൽ അവരെ താൻ തിരഞ്ഞെടുക്കുമായിരുന്നില്ല എന്നും ബൈഡൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നാക്കു പിഴച്ച ബൈഡൻ, കമലാ ഹാരിസിനെ ഡൊണാൾഡ് ട്രംപ് എന്നാണ് വിശേഷിപ്പിച്ചത്.
“അവർക്ക് പ്രസിഡൻ്റാകാൻ യോഗ്യതയില്ലെന്ന് ഞാൻ കരുതിയിരുന്നെങ്കിൽ ട്രംപിനെ വൈസ് പ്രസിഡൻ്റാക്കാൻ ഞാൻ തിരഞ്ഞെടുക്കില്ലായിരുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.
“പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി ഞാനാണെന്ന് ഞാൻ കരുതുന്നു എന്നതാണ് വസ്തുത. ഞാൻ അദ്ദേഹത്തെ ഒരു തവണ തോൽപ്പിച്ചു, വീണ്ടും തോൽപ്പിക്കും,” ജോ ബൈഡൻ പറഞ്ഞു.















