ഗാനഗന്ധർവന് പിറന്നാൾ; ആഘോഷം ഡാലസിലെ വസതിയിൽ

തിരുവനന്തപുരം: മലയാളികളുടെ അഹങ്കാരവും അലങ്കാരവുമായ ഗന്ധർവഗായകന്‍ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. യുഎസിലെ ഡാലസിലെ വീട്ടിലാണ് ജന്മദിനം ആഘോഷിക്കുക.

എല്ലാ പിറന്നാൾ ദിനവും മുടങ്ങാതെ മൂകാംബിക സന്നിദ്ധിയിൽ എത്തിയിരുന്ന യേശുദാസ് കോവിഡിനു ശേഷമാണ് ഈ പതിവ് തെറ്റിച്ചത്.  മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണത്താൽ പതിവ് മുടങ്ങി. എങ്കിലും മൂകാംബികയില്‍ യേശുദാസിനായി നാളെ പ്രത്യേക പൂജകൾ ചെയ്യുന്നുണ്ട്.

തിരുവനന്തപുരത്തെ സൂര്യയുടെ നൃത്ത സംഗീതോത്സവ പരിപാടികളും കാലാകാലങ്ങളായി യേശുദാസിന്റെ സംഗീതക്കച്ചേരിയോടെയാണ് തുടങ്ങിയിരുന്നത്. എന്നാൽ ഇക്കുറി വരുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല.

1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളിൽ മൂത്തവനായി യേശുദാസ് ജനിച്ചു. ആദ്യ ഗുരു അച്ഛൻ തന്നെ. എട്ടാം വയസ്സിൽ പ്രാദേശിക സംഗീത മത്സരത്തിൽ നേടിയ സ്വർണപ്പതക്കം വരാനിരിക്കുന്ന സംഗീതവസന്തത്തിന്‍റെ അടയാളനക്ഷത്രമായി.

തുടർന്ന്, കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റയും പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെയും ശിഷ്യത്വം, 1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ എത്തിയത് വഴിത്തിരിവായി. പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വഴി സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്‍റെ സംഗീതത്തിൽ കാൽപ്പാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്‍റെ വരികൾ പാടി സിനിമാ സംഗീത ലോകത്തേക്ക്.

‘ജാതിഭേദം മതദ്വേഷം’ അവിടുന്നിങ്ങോട്ട് യേശുദാസിനെ കേൾക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോയിട്ടില്ല, കുടിൽ തൊട്ട് കൊട്ടാരം വരെ അതേറ്റുപാടി. വയലാർ, പി ഭാസ്കരൻ, ഒഎൻവി, ജി.ദേവരാജൻ, ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ് ശ്രീകുമാരൻ തമ്പി, എം കെ അർജ്ജുനൻ എന്നിങ്ങനെ ഒട്ടേറെ മഹാരൂപികൾ, ഈ സമൃദ്ധിയിൽ ഒരേ ഒരു യേശുദാസ്. പ്രതിഭയുടെ ആ വൈവിധ്യം യേശുദാസിലേക്ക് സംക്രമിച്ചു. അത് മലയാളത്തിന്റെ ഗാനവസന്തമായി തലമുറകളിലേക്കും. പല ഭാഷകളിൽ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ സർഗ്ഗസംഗീതം പടർന്നുപന്തലിച്ചു.

More Stories from this section

family-dental
witywide