
പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ ട്രംപ് അനുകൂലികളെ എച്ചിൽകൂട്ടം എന്നു വിശേഷിപ്പിച്ചത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. പ്യൂർട്ടോറിക്കോ ദ്വീപ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു എച്ചിൻക്കൂനയാണെന്ന് കഴിഞ്ഞ ദിവസം ട്രംപിൻ്റെ പരിപാടിക്കിടെ ഹാസ്യതാരം ടോണി ഹിഞ്ച്ക്ലിഫ് പരാമർശിച്ചത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഇതിനുള്ള മറുപടി പറയുമ്പോഴായിരുന്നു ബൈഡൻ്റെ നാവു പിഴച്ചത്. “ഇവിടെ പൊങ്ങിക്കിടക്കുന്ന ഒരേയൊരു എച്ചിൽകൂട്ടം അദ്ദേഹത്തിൻ്റെ (ട്രംപിൻ്റെ) പിന്തുണക്കാരാണ്,” ബൈഡൻ പറഞ്ഞു.
പക്ഷേ ഇതു തിരിച്ചടിയായിരിക്കുന്നത് ബൈഡൻ്റെ പിൻഗാമിയും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനാണ്. ബൈഡൻ്റെ ഈ അഭിപ്രായത്തോട് താൻ ശക്തമായി വിയോജിക്കുന്നു എന്ന് കമലാ ഹാരിസ് വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച ബൈഡൻ വ്യക്തമാക്കിയെന്നും കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും അവർ പറഞ്ഞു.
ഹാരിസ് നോർത്ത് കരോലിനയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു ഇത് വ്യക്തമാക്കിയത്. അതിനിടെ ബൈഡൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണ് എന്ന് ആരോപിച്ച് വൈറ്റ്ഹൌസ് രംഗത്ത് എത്തി.
എന്നാൽ ഈ അവസരം ട്രംപ് ക്യാംപിൽ പുതിയ ആവേശം ഉണ്ടാക്കി. മാഡിസൺ സ്ക്വയറിലെ ഞായറാഴ്ച പ്രസംഗത്തിലെ വിവാദ പ്രസംഗത്തോടെ താഴോട്ടു പോയ ട്രംപ് ക്യാംപ് ശക്തമായി തിരിച്ചു വന്നു. ട്രംപ് ഫ്ലോറിഡയിലെ പ്രചാരണ വേദിയിൽ നിൽക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ഉടൻ തന്നെ വന്നു മറുപടി. ‘എന്തുകഷ്ടമാണ്, എച്ചിൽക്കൂട്ടം എന്നൊക്കെ വിളിക്കാമോ.. കടന്നകയ്യാണ്. പോട്ടേ… ബൈഡന് ഒന്നും അറിയില്ല.. നിങ്ങൾ ക്ഷമിച്ചേക്കൂ..’ . 2016 തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റൺ ട്രംപ് അനുയായികളെ ശോചനീയമായ കൂട്ടം എന്നു വിശേഷിപ്പിച്ചത് ട്രംപ് ഓർമിപ്പിച്ചു.
Kamala Harris says she disagree with Biden’s ‘garbage’ remark